ഓസ്ട്രേലിയയിലെ ചൈനീസ് അംബാസഡർ ഷിയാവോ ഖിയാൻ  (Picture by Elesa Kurtz)
Australian Capital Territory

ചൈനീസ് ഇടപെടൽ ആരോപണത്തിൽ ASIOയെ വിമർശിച്ച് ചൈനീസ് അംബാസഡർ; നയതന്ത്ര ബന്ധം തകരുമെന്ന് മുന്നറിയിപ്പ്

ചൈനയെ "സങ്കൽപ്പിത ശത്രുവായി" ചിത്രീകരിക്കുന്നത് ശീതയുദ്ധകാല മനോഭാവത്തിന്റെ ഭാഗമാണെന്നും അത് ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിനും ഓസ്ട്രേലിയയുടെ ദേശീയ താൽപര്യങ്ങൾക്കും വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു.

Safvana Jouhar

ഓസ്ട്രേലിയയിലെ ചൈനീസ് അംബാസഡർ ഷിയാവോ ഖിയാൻ (Xiao Qian), വിദേശ ഇടപെടൽ സംബന്ധിച്ച ആരോപണങ്ങളിൽ ഓസ്ട്രേലിയയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ASIOയെ രൂക്ഷമായി വിമർശിച്ചു. ഇത്തരം ആരോപണങ്ങൾ ഓസ്ട്രേലിയ-ചൈന ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച ASIO ഡയറക്ടർ ജനറൽ മൈക്ക് ബർഗസ് (Mike Burgess) നടത്തിയ വാർഷിക ഭീഷണി വിലയിരുത്തൽ പ്രസംഗത്തിന് മുമ്പ് പ്രദർശിപ്പിച്ച വീഡിയോയിൽ ചൈനയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടായിരുന്നുവെന്നാണ് അംബാസഡറുടെ ആരോപണം. ഈ വീഡിയോ ചൈനയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ സംശയങ്ങൾ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Nine Newspapers-ലേക്ക് അയച്ച ലേഖനത്തിലാണ് അംബാസഡർ ASIOയെയും Five Eyes രഹസ്യാന്വേഷണ സഖ്യത്തെയും വിമർശിച്ചത്. ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ ചേർന്ന് അടുത്തിടെ പുറത്തിറക്കിയ മുന്നറിയിപ്പിൽ, ചൈനീസ് ചാരസംഘടനകൾ LinkedIn പോലുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ആളുകളെ ചാരപ്രവർത്തനത്തിനായി സമീപിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ "അപകീർത്തികരവും തെളിവില്ലാത്തതും" എന്നാണ് ഷിയാവോ ഖിയാൻ വിശേഷിപ്പിച്ചത്. മൈക്ക് ബർഗസിന്റെ പ്രസംഗം നേരിട്ട് ചൈനയെ പരാമർശിച്ചിരുന്നില്ല. എന്നാൽ പ്രസംഗത്തിന് മുമ്പ് പ്രദർശിപ്പിച്ച വീഡിയോയിൽ ചൈനീസ് വിദേശ ഇടപെടൽ ആരോപണങ്ങളും കാൻബറയിലെ ഒരു ബുദ്ധമത സംഘടനയുമായി ബന്ധപ്പെട്ട ചാരക്കേസും ഉൾപ്പെടുത്തിയിരുന്നു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരം ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് ന്യായവ്യവസ്ഥയെയും പ്രതികളെയും ബാധിക്കുമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.

ഇതിന് ASIO ശക്തമായി മറുപടി നൽകി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താൽപര്യങ്ങൾക്കായി ഓസ്ട്രേലിയയുടെ രാഷ്ട്രീയ സംവിധാനത്തിൽ ഇടപെടാൻ ശ്രമിച്ച കേസിലും, ചൈനീസ് ചാരസംഘടനകൾക്ക് പ്രതിരോധ-സാമ്പത്തിക വിവരങ്ങൾ കൈമാറിയ കേസിലും കോടതി ശിക്ഷ വിധിച്ചിട്ടുണ്ടെന്ന് ASIO വക്താവ് ഓർമ്മിപ്പിച്ചു. ചൈനയെ "സങ്കൽപ്പിത ശത്രുവായി" ചിത്രീകരിക്കുന്നത് ശീതയുദ്ധകാല മനോഭാവത്തിന്റെ ഭാഗമാണെന്നും അത് ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിനും ഓസ്ട്രേലിയയുടെ ദേശീയ താൽപര്യങ്ങൾക്കും വിരുദ്ധമാണെന്നും ഷിയാവോ ഖിയാൻ അഭിപ്രായപ്പെട്ടു. അതേസമയം, ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചൈനയിൽ നിന്നുള്ള ഭീഷണി സംബന്ധിച്ച മുന്നറിയിപ്പുകളിൽ ASIOയും Five Eyes സഖ്യവും ഉറച്ചുനിൽക്കുകയാണ്.

SCROLL FOR NEXT