ഓസ്ട്രേലിയയിലെ പ്രവർത്തനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് പ്രമുഖ ക്രൂസ് കമ്പനിയായ കാർണിവൽ ക്രൂസ് ലൈൻ. 2028ൽ രണ്ട് കപ്പലുകൾ കൂടി ഓസ്ട്രേലിയൻ വിപണിയിൽനിന്ന് പിൻവലിക്കുന്നതോടെ രാജ്യത്ത് വർഷം മുഴുവൻ സർവീസ് നടത്തുന്ന കമ്പനിയുടെ കപ്പൽശേഷി പകുതിയായി കുറയും. മുൻപ് പി ആൻഡ് ഒയുടെ ഭാഗമായിരുന്ന കാർണിവൽ അഡ്വഞ്ചർ 2028 മാർച്ച് 20ന് സിഡ്നിയിൽ നിന്ന് പുറപ്പെട്ട് വടക്കേ അമേരിക്കയിൽ സീസണൽ സർവീസ് ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഓസ്ട്രേലിയയിലേക്ക് കപ്പൽ തിരിച്ചെത്തില്ലെന്ന് കമ്പനി വ്യക്തമാക്കി. 2022 മുതൽ ബ്രിസ്ബെയ്ൻ ആസ്ഥാനമാക്കി സീസണൽ സർവീസ് നടത്തുന്ന കാർണിവൽ ലുമിനോസയുടെ ഓസ്ട്രേലിയയിലെ അവസാന യാത്ര 2028 മാർച്ച് 15ന് സിഡ്നിയിൽനിന്നായിരിക്കും.
നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ഉയർന്ന പ്രവർത്തനച്ചെലവുമാണ് തീരുമാനത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. ഓസ്ട്രേലിയയിൽ വർഷം മുഴുവൻ കപ്പലുകൾ വിന്യസിക്കുന്ന ഏക ക്രൂസ് കമ്പനിയെന്ന നിലയിൽ പ്രാദേശിക വിപണിയിലെയും പ്രവർത്തന സാഹചര്യങ്ങളിലെയും മാറ്റങ്ങൾ കാർണിവലിനെ കൂടുതൽ ബാധിക്കുന്നുണ്ടെന്ന് കമ്പനി കൺട്രി മാനേജർ പീറ്റർ ലിറ്റിൽ പറഞ്ഞു.
വിദേശ പതാകയുള്ള ക്രൂസ് കപ്പലുകൾക്ക് ഓസ്ട്രേലിയയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന തീരദേശ വ്യാപാര നിയമത്തിലെ ഇളവ് ഫെഡറൽ സർക്കാർ 2028 ഡിസംബർ വരെ നീട്ടിയിരുന്നു. ഇതുവഴി വിദേശ ക്രൂസ് കപ്പലുകൾക്ക് പ്രാദേശിക കമ്പനികൾക്ക് ബാധകമായ അതേ തൊഴിൽബന്ധ നിയമങ്ങളും ലൈസൻസ് ഫീസുകളും ബാധകമാകുന്നില്ല. ക്രൂസ് കപ്പലുകളുടെ പ്രവർത്തനത്തിനുള്ള ഭാവി ക്രമീകരണങ്ങൾ സംബന്ധിച്ച് ഫെഡറൽ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കാർണിവൽ അറിയിച്ചു.
അതേസമയം, കാർണിവൽ സ്പ്ലെൻഡർ സിഡ്നിയിൽനിന്നും കാർണിവൽ എൻകൗണ്ടർ ബ്രിസ്ബെയ്നിൽനിന്നും വർഷം മുഴുവൻ സർവീസ് തുടരും. കാർണിവലിന്റെ തീരുമാനം ഓസ്ട്രേലിയൻ യാത്രക്കാർക്ക് ലഭ്യമായ ക്രൂസ് യാത്രകളുടെ എണ്ണത്തിലും തിരഞ്ഞെടുപ്പുകളിലും വലിയ കുറവുണ്ടാക്കുമെന്ന് ക്രൂസ് വിദഗ്ധൻ അഡ്രിയൻ ടാസോൺ മുന്നറിയിപ്പ് നൽകി. ആവശ്യകത വർധിക്കുമ്പോൾ ലഭ്യമായ കപ്പൽശേഷി കുറയുന്നത് 2028 മുതലുള്ള വർഷങ്ങളിൽ യാത്രാനിരക്കുകൾ ഉയരാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസ്നി ക്രൂസ് ലൈൻ, വിർജിൻ വോയേജസ് തുടങ്ങിയ കമ്പനികളും ഓസ്ട്രേലിയൻ വിപണിയിൽനിന്ന് പിന്മാറിയിട്ടുണ്ട്. കുനാർഡ് ഉൾപ്പെടെയുള്ള ചില കമ്പനികൾ ഓസ്ട്രേലിയൻ നഗരങ്ങളെ സീസണൽ ഹോം പോർട്ടുകളായി ഉപയോഗിക്കുന്നതും അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന തുറമുഖ ഫീസുകളിൽ ചിലത് ഓസ്ട്രേലിയയിലാണെന്നും ക്രൂസ് വ്യവസായത്തിലെ സങ്കീർണമായ നടപടിക്രമങ്ങൾ കമ്പനികൾക്ക് ദീർഘകാല ആസൂത്രണം ബുദ്ധിമുട്ടാക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെഡിറ്ററേനിയൻ, കരീബിയൻ മേഖലകളിലെ കൂടുതൽ ലാഭകരമായ യാത്രകൾ ഉപേക്ഷിച്ച് ഓസ്ട്രേലിയയിലെത്തേണ്ടിവരുന്നതും കമ്പനികൾക്ക് വെല്ലുവിളിയാണ്.
ക്രൂസ് വ്യവസായത്തിന് പ്രതിവർഷം ഒരു ബില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ സാമ്പത്തിക ചെലവ് ഇതിനകം നഷ്ടമായിട്ടുണ്ടെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട 22,000 മുഴുവൻസമയ തൊഴിലുകൾ അപകടത്തിലാണെന്നും ടാസോൺ പറഞ്ഞു. അതേസമയം, ക്രൂസ് യാത്ര നടത്തുന്ന ഓസ്ട്രേലിയക്കാരുടെ എണ്ണം റെക്കോർഡ് നിലയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണിയിൽ വർഷം മുഴുവൻ സാന്നിധ്യമുള്ള കപ്പലുകളുടെ എണ്ണം കുറയുന്നത് വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും, 2027–28 കാലയളവിൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി കൂടുതൽ ഹോം പോർട്ടുകളിൽനിന്ന് സർവീസ് നടത്തുമെന്നും യാത്രക്കാർക്ക് ആകർഷകമായ യാത്രാപദ്ധതികൾ ലഭ്യമാകുമെന്നും കാർണിവൽ നേരത്തെ അറിയിച്ചിരുന്നു.