ABC News: Brendan Esposito
Australian Capital Territory

കാൻബെറയിൽ മൂന്ന് പുതിയ ബൾക്ക്-ബില്ലിംഗ് ജിപി ക്ലിനിക്കുകൾ;കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കാൻ സർക്കാർ

2024-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി ഈ മൂന്ന് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനായി 10.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ 'സീഡ് ഫണ്ടിംഗ്' ആയി ഫെഡറൽ സർക്കാർ അനുവദിച്ചിട്ടുണ്ട്.

Elizabath Joseph

കാൻബെറ: ഓസ്‌ട്രേലിയൻ തലസ്ഥാന നഗരത്തിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ പൂർണ്ണ ബൾക്ക്-ബില്ലിംഗ് (Fully bulk-billing) ജിപി ക്ലിനിക്കുകൾ പ്രവർത്തനമാരംഭിക്കുന്നു. ഇതിൽ ആദ്യത്തെ ക്ലിനിക്കായ 'കൂംബ്സ് ബൾക്ക് ബില്ലിംഗ് പ്രാക്ടീസ്' (Coombs Bulk Billing Practice) തിങ്കളാഴ്ച ഫിലിപ്പിൽ പ്രവർത്തനം തുടങ്ങി. രണ്ടാമത്തെ ക്ലിനിക് ചൊവ്വാഴ്ച കോണ്ടറിലും , മൂന്നാമത്തേത് ജൂലൈ മാസത്തിൽ ഗുൻഗാഹിനിലും രോഗികളെ ചികിത്സിച്ചു തുടങ്ങും.

2024-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി ഈ മൂന്ന് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനായി 10.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 58 കോടി രൂപ) ഒറ്റത്തവണ 'സീഡ് ഫണ്ടിംഗ്' ആയി ഫെഡറൽ സർക്കാർ അനുവദിച്ചിട്ടുണ്ട്.

പുതിയ ക്ലിനിക്കുകൾ കൂടി എത്തുന്നതോടെ എസിടി പ്രവിശ്യയിൽ പൂർണ്ണമായും ബൾക്ക്-ബില്ലിംഗ് നടത്തുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 23 ആയി ഉയരുമെന്ന് എസിടി സെനറ്റർ കാറ്റി ഗല്ലഘർ അറിയിച്ചു. കാൻബെറയിൽ നിലവിൽ 54 ശതമാനം കൺസൾട്ടേഷനുകൾ മാത്രമാണ് ബൾക്ക്-ബില്ലിംഗ് വഴി നടക്കുന്നത്, എന്നാൽ ഇതിന്റെ ദേശീയ ശരാശരി 81 ശതമാനമാണ്. ഈ വലിയ വ്യത്യാസം പരിഹരിക്കാനും ഡോക്ടറെ കാണാനുള്ള ഭീമമായ ചെലവ് കുറയ്ക്കാനും പുതിയ സംരംഭം സഹായിക്കുമെന്ന് ഫെഡറൽ ഹെൽത്ത് മിനിസ്റ്റർ മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി. ഫിലിപ്പിലെ ക്ലിനിക്കിന്റെ ചുമതലയുള്ള ഓക്രെ ഹെൽത്ത് ഗ്രൂപ്പ് വിദേശത്തുനിന്നടക്കം പുതിയ ഡോക്ടർമാരെ രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡിന് ശേഷം ഓസ്‌ട്രേലിയയിലെ പൊതുവായ ജിപിമാർ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായി ജോലി സമയം ചുരുക്കിയത് ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ പ്രവർത്തകരുടെ കുറവും ഫണ്ട് ആശങ്കയും:

അതേസമയം, ഈ പുതിയ ക്ലിനിക്കുകൾ കാൻബെറ നേരിടുന്ന ഡോക്ടർമാരുടെ കടുത്ത ക്ഷാമത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബെറ്റി ഗെ (Dr Betty Ge) മുന്നറിയിപ്പ് നൽകി. നിലവിൽ ഈ ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ 30-ഓളം ജിപിമാരെ പെട്ടെന്ന് എവിടെനിന്ന് കണ്ടെത്തുമെന്നത് വലിയ ചോദ്യചിഹ്നമാണ്. കൂടാതെ, കാൻബെറയിൽ ഒരു മെഡിക്കൽ ക്ലിനിക് നടത്തിക്കൊണ്ടുപോകാനുള്ള ചിലവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്ന ഫണ്ട് അടുത്ത 2-3 വർഷത്തേക്ക് മാത്രമേ തികയുകയുള്ളൂ എന്നും, ഈ സാമ്പത്തിക സഹായം നിലയ്ക്കുന്നതോടെ ക്ലിനിക്കുകൾ പൂട്ടേണ്ടി വരുമോ എന്നും അങ്ങനെയുണ്ടായാൽ രോഗികളുടെ തുടർച്ചയായ പരിചരണത്തെ അത് ബാധിക്കുമെന്നും എഎംഎ ആശങ്ക പ്രകടിപ്പിച്ചു.

SCROLL FOR NEXT