ABC News: Matt Roberts
Australian Capital Territory

ക്യാൻബറയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കൗമാരക്കാരനെതിരെ കേസ്; എ.സി.ടി-യിൽ ഇതാദ്യമെന്ന് പോലീസ്

കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയുന്നതാണ് അവരെ ഇത്തരം സ്വാധീനങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പ്രധാന മാർഗ്ഗം.

Elizabath Joseph

ക്യാൻബറയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കൗമാരക്കാരനെതിരെ കേസെടുത്തു. എ.സി.ടി-യിൽ (ACT) ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് ഒരാൾക്കെതിരെ കേസെടുക്കുന്നത് ഇതാദ്യമായാണ്.

ദേശീയവാദവും വംശീയവുമായ തീവ്രവാദ ആശയങ്ങളാൽ പ്രേരിതനായി അപരിചിതരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടതിനാണ് 17 വയസ്സുകാരനെതിരെ കേസെടുത്തത്. ഭീകരാക്രമണത്തിന് തയ്യാറെടുപ്പ് നടത്തിയതിനും അക്രമാസക്തമായ തീവ്രവാദ സാമഗ്രികൾ പ്രചരിപ്പിച്ചതിനും രണ്ട് പ്രത്യേക വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഇയാളുടെ കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിൽ ബോംബ് നിർമ്മിക്കാനുള്ള സാമഗ്രികളും അക്രമാസക്തമായ വീഡിയോകളും പോലീസ് കണ്ടെത്തിയിരുന്നു. അന്ന് മുതൽ ഇയാൾ കസ്റ്റഡിയിലാണ്.

തീവ്രവാദ സംഘടനകൾ പ്രചരിപ്പിക്കുന്ന ഇത്തരം വീഡിയോകൾ യുവാക്കളെ വഴിതെറ്റിക്കുന്നത് ഗൗരവകരമായ കാര്യമാണെന്ന് എ.എഫ്.പി അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ ക്രോസിയർ പറഞ്ഞു. ക്രിസ്റ്റ്ചർച്ച് വെടിവെപ്പ് ദൃശ്യങ്ങൾ, നാസി പതാകകൾ, കു ക്ലക്സ് ക്ലാൻ (Ku Klux Klan) ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ആക്ഷേപകരമായ ദൃശ്യങ്ങൾ ഇയാൾ കൈവശം വച്ചിരുന്നതായി കോടതി കണ്ടെത്തി. സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്താനാണ് ഇത്തരം സംഘടനകൾ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടികൾ തുടരുമെന്നും പോലീസ് വ്യക്തമാക്കി.

യുവാക്കൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയാൻ മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്ന് എ.സി.ടി ഡെപ്യൂട്ടി ചീഫ് പോലീസ് ഓഫീസർ റിച്ചാർഡ് ചിൻ നിർദ്ദേശിച്ചു. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയുന്നതാണ് അവരെ ഇത്തരം സ്വാധീനങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പ്രധാന മാർഗ്ഗം. ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട കുറ്റത്തിന് ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ആരെങ്കിലും ഇത്തരത്തിൽ തീവ്രവാദ ആശയങ്ങൾ പിന്തുടരുന്നതായി സംശയം തോന്നിയാൽ നാഷണൽ സെക്യൂരിറ്റി ഹോട്ട്‌ലൈനിൽ അറിയിക്കാനും പോലീസ് അഭ്യർത്ഥിച്ചു.

SCROLL FOR NEXT