കാൻബറ അധ്യാപക സമരം ABC News: Monte Bovill
Australian Capital Territory

കാൻബറയിൽ അധ്യാപക സമരം ശക്തമാകുന്നു; ജൂണിൽ പൂർണ്ണദിന പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയൻ

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ജൂൺ 11 വ്യാഴാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ പൂർണ്ണമായി സ്തംഭിപ്പിച്ചുകൊണ്ട് പണിമുടക്കുമെന്ന് എ.യു.സി ശാഖാ ഭാരവാഹികൾ പ്രഖ്യാപിച്ചു

Elizabath Joseph

കാൻബറ: കാൻബറയിലെ പബ്ലിക് സ്കൂൾ അധ്യാപകരും ജീവനക്കാരും ഒത്തുചേർന്ന് നടത്തിയ രണ്ട് മണിക്കൂർ സൂചനാ പണിമുടക്ക് വിജയകരമായി പൂർത്തിയായതിന് പിന്നാലെ, ജൂൺ മാസത്തിൽ ശക്തമായ പൂർണ്ണദിന സമരത്തിന് ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയൻ എജുക്കേഷൻ യൂണിയൻ (AEU). ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ജൂൺ 11 വ്യാഴാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ പൂർണ്ണമായി സ്തംഭിപ്പിച്ചുകൊണ്ട് പണിമുടക്കുമെന്ന് എ.യു.സി ശാഖാ ഭാരവാഹികൾ പ്രഖ്യാപിച്ചു. അധ്യാപക ദൗർലഭ്യവും കടുത്ത തൊഴിൽ സമ്മർദ്ദവും മൂലം കഴിഞ്ഞ 15 വർഷത്തിനിടയിൽ കാൻബറയിൽ അധ്യാപകർ നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധമാണിത്.

സ്കൂളുകളിലെ ജീവനക്കാരുടെ കടുത്ത ക്ഷാമം മൂലം ഒരു അധ്യാപകന് ഒരേസമയം രണ്ട് ക്ലാസുകളിലെ കുട്ടികളെ വരെ നോക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് സമരത്തിൽ പങ്കെടുത്ത അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും അമ്പതോളം കുട്ടികളെ ഒന്നിച്ച് പഠിപ്പിക്കേണ്ടി വരുന്നത് വിദ്യാഭ്യാസ നിലവാരത്തെയും കുട്ടികളുടെ സുരക്ഷിതത്വത്തെയും ബാധിക്കുന്നുണ്ടെന്ന് ത്രോസ്ബി സ്കൂളിലെ അധ്യാപിക ഒലീവിയ നീൽസൺ പറഞ്ഞു. ഇത് സമരത്തിന്റെ ഒന്നാം ഘട്ടം മാത്രമാണെന്നും, അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും എ.സി.ടി സർക്കാർ തയ്യാറാകാത്ത പക്ഷം വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ബെൽകോണൻ ഹൈസ്കൂളിലെ അധ്യാപകനായ ജാക്സൺ സെന്റ് ജോർജ് മുന്നറിയിപ്പ് നൽകി. പുതിയ ശമ്പള-തൊഴിൽ കരാറുമായി ബന്ധപ്പെട്ട് എട്ടുമാസമായിട്ടും അനുകൂല തീരുമാനമെടുക്കാത്ത സർക്കാർ നിലപാട് നിരുത്തരവാദപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അധ്യാപകരുടെ കഠിനാധ്വാനവും സൻമനസ്സുമാണ് തകർച്ചയുടെ വക്കിലെത്തിയ സ്കൂൾ വ്യവസ്ഥിതിയെ ഇതുവരെ താങ്ങിനിർത്തിയതെന്ന് എ.ഇ.യു എ.സി.ടി ബ്രാഞ്ച് പ്രസിഡന്റ് ആഞ്ചല ബറോസ് പറഞ്ഞു. തങ്ങളുടെ ഈ സൻമനസ്സിനെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നും അവർ ആക്ഷേപിച്ചു. സ്കൂളുകളിൽ കൃത്യമായ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ കൊണ്ടുവരിക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി അധിക വിഭവങ്ങൾ അനുവദിക്കുക, സ്കൂളുകളിൽ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് യൂണിയൻ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ. പുതിയ നിബന്ധനകളിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും യൂണിയനും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്തത് കാൻബറയിലെ വിദ്യാഭ്യാസ മേഖലയെ വരും ആഴ്ചകളിൽ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.

SCROLL FOR NEXT