Supplied: ACT government
Australian Capital Territory

ഒന്നര വർഷത്തെ കാത്തിരിപ്പ്; കാൻബറയിൽ ലണ്ടൻ സർക്യൂട്ട് ഈസ്റ്റ് ഭാഗികമായി തുറക്കുന്നു

പുതിയ ലിറിക് തിയേറ്ററിന്റെ നിർമ്മാണം നടക്കുന്നതിനാൽ പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം മുൻപുണ്ടായിരുന്ന 200-ൽ നിന്ന് 57 ആയി കുറച്ചാണ് പുനരാരംഭിക്കുന്നത്.

Elizabath Joseph

കാൻബറ: ഒന്നര വർഷം നീണ്ട ലൈറ്റ് റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം കാൻബറ നഗരമധ്യത്തിലെ ലണ്ടൻ സർക്യൂട്ട് ഈസ്റ്റ് (London Circuit East) ഭാഗികമായി ഗതാഗതത്തിനായി വീണ്ടും തുറക്കുന്നു. ഇതോടെ തിയേറ്റർ ലെയ്ൻ കാർ പാർക്ക് പൊതുജനങ്ങൾക്ക് പുനഃസ്ഥാപിക്കുമെന്നും എസിടി സർക്കാർ പ്രഖ്യാപിച്ചു. പുതിയ ലിറിക് തിയേറ്ററിന്റെ നിർമ്മാണം നടക്കുന്നതിനാൽ പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം മുൻപുണ്ടായിരുന്ന 200-ൽ നിന്ന് 57 ആയി കുറച്ചാണ് പുനരാരംഭിക്കുന്നത്.

റോഡ് തുറക്കുന്നതോടെ വാഹനങ്ങൾക്ക് ലണ്ടൻ സർക്യൂട്ട് ഈസ്റ്റിലൂടെ സഞ്ചരിച്ച് നോർത്ത്ബോൺ അവന്യൂവിലേക്ക് ഇടത്തോട്ട് തിരിയാൻ സാധിക്കും. 2025-ന്റെ തുടക്കത്തിന് ശേഷം ആദ്യമായാണ് ഈ റൂട്ടിൽ ഗതാഗതം അനുവദിക്കുന്നത്. ലൈറ്റ് റെയിൽ സ്റ്റേജ് 2A-യുടെ ട്രാക്ക് സ്ലാബ് നിർമ്മാണം 100 ശതമാനം പൂർത്തിയായതായും സിറ്റി സൗത്ത്, കോമൺവെൽത്ത് പാർക്ക് സ്റ്റോപ്പുകളിലെ സ്കാഫോൾഡിംഗുകൾ ഉടൻ നീക്കുമെന്നും പ്ലാനിംഗ് മന്ത്രി ക്രിസ് സ്റ്റീൽ അറിയിച്ചു. 2027 ആദ്യ പകുതിയോടെ പരീക്ഷണ ഓട്ടവും 2028-ഓടെ പൂർണ്ണ സർവീസും ആരംഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

റോഡ് ഭാഗികമായി തുറക്കുന്നത് വലിയ ആശ്വാസമാണെങ്കിലും കഴിഞ്ഞ 18 മാസമായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ നേരിട്ട പ്രതിസന്ധി അതീവ ഗുരുതരമായിരുന്നുവെന്ന് കാൻബറ ബിസിനസ് ചേമ്പർ ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഉപഭോക്താക്കൾക്ക് കടകളിലേക്ക് എത്താൻ കഴിയാത്തത് പല സ്ഥാപനങ്ങളെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു. ലണ്ടൻ സർക്യൂട്ടിന്റെ പടിഞ്ഞാറൻ ഭാഗത്ത് നിർമ്മാണം തുടരുന്നതിനാൽ അവിടുത്തെ സ്ഥാപനങ്ങൾ ഇനിയും കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന് ചേമ്പർ ചീഫ് എക്സിക്യൂട്ടീവ് ഗ്രെഗ് ഹാർഫോർഡ് ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ വ്യാപാര മേഖലയിലെ പ്രയാസങ്ങൾ താത്കാലികം മാത്രമാണെന്നും നിർമ്മാണം അതിവേഗം പൂർത്തിയാക്കി നഗരത്തെ പൂർവ്വസ്ഥിതിയിലാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT