Hertz hertz
Australian Capital Territory

വാടകയ്‌ക്കെടുത്ത ഇലക്ട്രിക് കാറുകൾ കമ്പനി അറിയാതെ അഴിച്ചുപണിതു; CITയിൽ സുരക്ഷ വീഴ്ചയെന്ന് ആരോപണം

വാടകയ്‌ക്കെടുത്ത ഇലക്ട്രിക് വാഹനങ്ങൾ, കമ്പനിയെ അറിയിക്കാതെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി നൽകിയെന്നാണ് പ്രധാന ആരോപണം.

Elizabath Joseph

കാൻബറ: കാൻബറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (CIT) ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്‌സലൻസിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളുമായി സ്വതന്ത്ര എം.എൽ.എ തോമസ് എമേഴ്സൺ. ഹെർട്‌സ് പോലുള്ള പ്രമുഖ റെന്റൽ കമ്പനികളിൽ നിന്നും വാടകയ്‌ക്കെടുത്ത ഇലക്ട്രിക് വാഹനങ്ങൾ, കമ്പനിയെ അറിയിക്കാതെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി നൽകിയെന്നാണ് പ്രധാന ആരോപണം. പരിശീലനത്തിന്റെ ഭാഗമായി ഈ വാഹനങ്ങൾ അഴിച്ചുപണിയുകയും പിന്നീട് തിരികെ ഘടിപ്പിക്കുകയും ചെയ്തു. പാര്ലമെന്ററി പദവി ഉപയോഗിച്ച് ഒരു വിസിൽബ്ലോവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എമേഴ്സൺ ഈ വെളിപ്പെടുത്തൽ നടത്തിയത്.

പരിശീലനത്തിനായി ഇലക്ട്രിക് വാഹനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടിയതോടെയാണ് സ്വകാര്യ ഹയർ കാറുകൾ ഇതിനായി ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു. യാതൊരുവിധ സുരക്ഷാ പരിശോധനകളോ ടെസ്റ്റിംഗോ നടത്താതെയാണ് ഈ വാഹനങ്ങൾ കൈകാര്യം ചെയ്തത്. ഇതിനായി ചെലവായ തുക യാത്രാ ചെലവുകളായി ഇൻവോയിസ് ചെയ്യുകയായിരുന്നുവെന്നും എമേഴ്സൺ സഭയെ അറിയിച്ചു. ഇത്തരത്തിൽ മെക്കാനിക്കൽ പരിശീലനത്തിനും ഹൈ-വോൾട്ടേജ് ബാറ്ററി ജോലികൾക്കുമായി ഉപയോഗിച്ച വാഹനങ്ങൾ പിന്നീട് കമ്പനി മുഖേന സാധാരണക്കാർക്ക് വാടകയ്ക്ക് നൽകിയതായും, ഇത് പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ജീവന് ഭീഷണിയാണെന്നും ആരോപണമുണ്ട്.

എന്നാൽ ഈ ആരോപണങ്ങൾ സി.ഐ.ടി വക്താവ് നിഷേധിച്ചു. ഒരു തവണ മാത്രമാണ് വാടക കാർ ഉപയോഗിച്ചതെന്നും അത് പ്രധാനമായും യാത്രകൾക്ക് വേണ്ടിയായിരുന്നുവെന്നുമാണ് സി.ഐ.ടി നൽകുന്ന വിശദീകരണം. വാഹനത്തിലെ ചില സുരക്ഷാ ഫീച്ചറുകൾ കാണിച്ചുകൊടുക്കാൻ മാത്രമാണ് അത് ഉപയോഗിച്ചതെന്നും കാറിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. 2026 ജനുവരിയിൽ സി.ഐ.ടി സി.ഇ.ഒ ഡോ. മാർഗരറ്റ് മക്നീലിന് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അന്വേഷണം നടക്കുകയാണെന്നും വക്താവ് അറിയിച്ചു. എന്നാൽ സി.ഇ.ഒ പരാതിയിൽ നടപടിയെടുത്തില്ലെന്ന് എമേഴ്സൺ കുറ്റപ്പെടുത്തി. സംഭവത്തിൽ എ.സി.ടി ട്രെയിനിങ് മിനിസ്റ്റർ മൈക്കൽ പീറ്റേഴ്‌സൺ ആശങ്ക രേഖപ്പെടുത്തുകയും സി.ഐ.ടിയുടെ ഭരണപരമായ കാര്യങ്ങളിൽ പുനപരിശോധന നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

SCROLL FOR NEXT