ഹെർട്‌സ് (Hertz) കമ്പനിയിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇലക്ട്രിക് വാഹനങ്ങൾ കമ്പനി അറിയാതെ വിദ്യാർത്ഥികൾ അഴിച്ചുപണിതെന്ന ആരോപണം കാൻബറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (CIT) ചീഫ് എക്സിക്യൂട്ടീവ് മാർഗരറ്റ് മക്നീൽ പൂർണ്ണമായും തള്ളി. സ്വതന്ത്ര എം.എൽ.എ തോമസ് എമേഴ്സൺ ഒരു വിസിൽബ്ലോവറുടെ പരാതി ഉദ്ധരിച്ച് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അത് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും അധിക്ഷേപിക്കുന്നതാണെന്നും അവർ പറഞ്ഞു. യോഗ്യതയില്ലാത്ത വിദ്യാർത്ഥികളാണ് വാഹനങ്ങൾ കൈകാര്യം ചെയ്തതെന്ന വാദം തെറ്റാണെന്നും, ഇതിനകം ഓട്ടോമോട്ടീവ് വ്യവസായത്തിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കാണ് ഇവിടെ പരിശീലനം നൽകുന്നതെന്നും ഡോ. മക്നീൽ വ്യക്തമാക്കി.
ജനുവരിയിൽ ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ പ്രാൗഥമിക അന്വേഷണത്തിൽ, പരിശീലന കേന്ദ്രത്തിൽ ഒരൊറ്റ വാടക കാർ മാത്രമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായി സി.ഇ.ഒ അറിയിച്ചു. ഈ വാഹനം ക്യാമ്പസുകൾക്കിടയിലുള്ള യാത്രയ്ക്കും ലളിതമായ പ്രദർശന ആവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിച്ചതെന്നും അതിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സി.ഐ.ടിയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിസിൽബ്ലോവർ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി തോമസ് എമേഴ്സൺ എം.എൽ.എ പറഞ്ഞു. സി.ഐ.ടി ബോർഡിനെ മുൻപ് തെറ്റിദ്ധരിപ്പിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് നിലവിൽ മാർഗരറ്റ് മക്നീൽ കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്.