കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിലും കിഴക്കൻ തീരപ്രദേശങ്ങളിലും വിനാശകാരിയായ 'ഇന്ത്യൻ മൈന'കളുടെ (Indian or Common Myna) എണ്ണം വൻതോതിൽ വർദ്ധിക്കുന്നത് ഭീഷണിയാകുന്നു. ഓസ്‌ട്രേലിയയുടെ തദ്ദേശീയ പക്ഷികളായ റോസെല്ലകളെയും (Rosellas) ചെറുപ്രാണികളെയും ആക്രമിച്ചു നശിപ്പിക്കുന്ന അധിനിവേശ ഇനത്തിൽപ്പെട്ട ഇത്തരം മൈനകൾ പ്രാദേശിക ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണെന്ന് പ്രമുഖ സന്നദ്ധ സംഘടനയായ കാൻബറ ഇന്ത്യൻ മൈന ആക്ഷൻ ഗ്രൂപ്പ് (CIMAG) മുന്നറിയിപ്പ് നൽകുന്നു.
1860-കളിൽ കൃഷിടങ്ങളിലെ കീടങ്ങളെ നശിപ്പിക്കാനായി ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തിച്ച ഈ പക്ഷികൾ, അതിവേഗം വംശവർദ്ധനവ് നടത്തി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കീടമായി (Pest) മാറിയിരിക്കുകയാണ്. 2006 മുതൽ കാൻബറ നിവാസികളുടെ സഹകരണത്തോടെ കെണികൾ വെച്ച് 80,000-ത്തിലധികം മൈനകളെ പിടിച്ച് നശിപ്പിച്ചെങ്കിലും, അടുത്തിടെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ കുറഞ്ഞതോടെ ഇവയുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു. കാൻബറയിലെ ഏറ്റവും വ്യാപകമായ പക്ഷികളുടെ പട്ടികയിൽ നിലവിൽ പത്താം സ്ഥാനത്താണ് ഇവ. പബ്ലിക് കെട്ടിടങ്ങൾക്കും പാർക്കുകൾക്കും സമീപം കേന്ദ്രീകൃതമായ നശീകരണ പദ്ധതികൾ നടപ്പിലാക്കാൻ എ.സി.ടി സർക്കാർ തയ്യാറാകണമെന്ന് കാൻബറ ഇന്ത്യൻ മൈന ആക്ഷൻ ഗ്രൂപ്പ് പ്രസിഡന്റ് ബിൽ ഹാൻഡ്കെ ആവശ്യപ്പെട്ടു.