കാൻബറ: ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിൽ ആദ്യമായി അതീവ മാരകമായ സിന്തറ്റിക് ഒപിയോയിഡ് (Novel Psychoactive Substance - NPS) സാന്നിധ്യം മൂലമുള്ള അമിത ലഹരി ഉപയോഗ മരണം സ്ഥിരീകരിച്ച് കൊറോണർ കോടതി. ഐൻസ്‌ലി സ്വദേശിയായ 42 കാരിയുടെ മരണത്തിലാണ് 'പ്രോട്ടോണിറ്റാസിൻ' (Protonitazene) എന്ന രാസലഹരിയുടെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഹെറോയിനേക്കാൾ നൂറുമടങ്ങിലധികം വീര്യമുള്ള അപകടകാരിയായ കൃത്രിമ ഒപിയോയിഡാണിത്. മാനസികാരോഗ്യ പ്രശ്നങ്ങളും ലഹരി ആസക്തിയും അനുഭവിച്ചിരുന്ന യുവതിയെ 2022 ജൂലൈയിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവിധ ലഹരിമരുന്നുകളുടെ സംയുക്ത ഉപയോഗം മൂലമുണ്ടായ വിഷബാധയാണ് (Multiple drug toxicity) മരണകാരണമെന്ന് കൊറോണർ കെൻ ആർച്ചർ വ്യക്തമാക്കി. തുച്ഛമായ അളവിലുള്ള പ്രോട്ടോണിറ്റാസിൻ സാന്നിധ്യം പോലും ശ്വാസതടസ്സത്തിന് കാരണമാകുമെന്ന് ഫോറൻസിക് സംഘം ചൂണ്ടിക്കാട്ടി. നഗരത്തിലെ ഒരു മയക്കുമരുന്ന് മാഫിയാ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഇവരുടെ പേരും വൻതോതിൽ സിന്തറ്റിക് ഒപിയോയിഡുകളും കണ്ടെത്തിയിരുന്നു. തലസ്ഥാന മേഖലയിൽ ഇത്തരം സിന്തറ്റിക് ലഹരിമരുന്നുകൾ കലർത്തിയ ഹെറോയിൻ വിതരണം വർദ്ധിക്കുന്നതിലും, രക്തപരിശോധനാ ഫലങ്ങൾ പുറത്തുവരാൻ വൈകുന്നതിനാൽ പൊതുജനങ്ങൾക്ക് യഥാസമയം മുന്നറിയിപ്പ് നൽകാൻ സാധിക്കാത്തതിലും കൊറോണർ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.