കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ കാൻബറയിലെ കുട്ടികൾക്കിടയിൽ വികാസപരമായ വെല്ലുവിളികളും പ്രശ്നങ്ങളും (Developmental Vulnerability) ക്രമാതീതമായി വർദ്ധിക്കുന്നതായി ഓസ്ട്രേലിയൻ ഏർലി ഡെവലപ്മെന്റ് സെൻസസ് (AEDC) റിപ്പോർട്ട്. രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കാൻബറയിലെ കുട്ടികളുടെ വളർച്ചാ വികാസ തോത് ഏറ്റവും താഴ്ന്ന രണ്ടാമത്തെ നിരക്കിലാണ്. നഗരത്തിലെ സ്കൂളുകളിൽ പ്രവേശനം നേടുന്ന നാലിൽ ഒരു കുട്ടിക്ക് ഏതെങ്കിലും ഒരു പ്രധാന മേഖലയിലെങ്കിലും കാര്യമായ വളർച്ചാ മുരടിപ്പോ വെല്ലുവിളിയോ ഉള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് 22 കുട്ടികളുള്ള ഒരു കിന്റർഗാർട്ടൻ ക്ലാസിൽ ശരാശരി ആറ് കുട്ടികൾ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നു.
എസിടി സർക്കാരിനായി 'നൗസ് ഗ്രൂപ്പ്' (Nous Group) തയ്യാറാക്കിയ സമഗ്ര അവലോകന റിപ്പോർട്ടിലാണ് 2015 മുതൽ തലസ്ഥാന മേഖലയിൽ ഇത്തരം കേസുകൾ തുടർച്ചയായി വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽപ്പോലും ഈ പ്രവണത ശക്തമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാൻബറയിലെ ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ ഗവേഷക ഡെബോറ പിനോ-പാസ്റ്റർനാക് ചൂണ്ടിക്കാട്ടി. അക്കാദമിക് മികവിനേക്കാളുപരി വൈകാരിക നിയന്ത്രണം, ഉത്കണ്ഠ, പെരുമാറ്റ പ്രശ്നങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയിലാണ് കുട്ടികൾ പ്രധാനമായും പിന്നോട്ട് പോകുന്നത്. വെല്ലുവിളികൾ നേരിടുമ്പോൾ പിന്മാറുന്ന പ്രവണത പുതിയ തലമുറയിൽ കൂടിവരുന്നതായി അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
കുടുംബങ്ങളിലെ സമയക്കുറവും മാതാപിതാക്കളുടെ അമിതമായ ജോലിഭാരവുമാണ് പ്രധാന പ്രതിസന്ധിയായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വീടുകളിൽ കുട്ടികൾക്കായി കഥകൾ വായിച്ചുകൊടുക്കുന്ന ശീലം 2015-ലെ 75 ശതമാനത്തിൽ നിന്ന് 2024-ൽ 69 ശതമാനമായി ഇടിഞ്ഞു. കുട്ടികൾക്ക് പുസ്തകം വായിച്ചുകൊടുക്കാത്ത വീടുകളിലെ 60 ശതമാനം കുട്ടികളും ഒന്നിലധികം മേഖലകളിൽ വികാസപരമായ വെല്ലുവിളികൾ നേരിടുന്നവരാണ്. ഇതിനുപുറമെ, കുട്ടികളും മുതിർന്നവരും സ്ക്രീനുകളിൽ (സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്) ചിലവഴിക്കുന്ന സമയം വർദ്ധിച്ചതും കുടുംബബന്ധങ്ങളിൽ അകൽച്ച ഉണ്ടാക്കുന്നു. കാൻബറയിലെ 21 ശതമാനത്തോളം കിന്റർഗാർട്ടൻ കുട്ടികൾ പ്രതിദിനം നാല് മണിക്കൂറിലധികം സമയം സ്ക്രീനുകൾക്ക് മുന്നിലാണ് ചെലവഴിക്കുന്നത്.