കാൻബറ: ജീവിതച്ചെലവും പലിശനിരക്കും സാധാരണക്കാരെ വലയ്ക്കുന്നതിനിടെ, ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ പ്രൈമറി, സെക്കൻഡറി കാത്തലിക് സ്കൂളുകളിൽ 2027 അധ്യയന വർഷത്തേക്കുള്ള ഫീസ് വർധിപ്പിച്ചു. എസിടിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 56 വിദ്യാലയങ്ങൾ നടത്തുന്ന കാത്തലിക് ആർച്ച്ഡയോസിസ് ഓഫ് കാൻബറ ആൻഡ് ഗൗൾബേൺ എജ്യുക്കേഷൻ ലിമിറ്റഡ് (CACGEL) ആണ് ഫീസ് വർധന സംബന്ധിച്ച് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയത്. പ്രൈമറി സ്കൂളുകളിൽ ആറ് ശതമാനവും, അഞ്ചിൽ നാല് സെക്കൻഡറി സ്കൂളുകളിൽ 7.5 ശതമാനവുമാണ് ഫീസ് ഉയർത്തിയിരിക്കുന്നത്.
നിക്കോൾസിലെ സെന്റ് ജോൺ പോൾ രണ്ടാമൻ കോളേജിൽ മുൻപ് ഫീസ് വർധിപ്പിച്ചിരുന്നതിനാൽ അവിടെ ആറ് ശതമാനം വർധനവ് മാത്രമേ ഉണ്ടാകൂ. 2025-ൽ നടപ്പിലാക്കിയ നിർബന്ധിത സ്കൂൾ ബിൽഡിംഗ് ലെവി അവസാനമായി ഉയർത്തുന്നതും 2027-ലായിരിക്കും; ഇത് ഓരോ കുടുംബത്തിനും പ്രതിവർഷം 1,000 ഡോളർ അധിക ബാധ്യത വരുത്തും. ഉദാഹരണത്തിന്, ഗ്രിഫിത്തിലെ സെന്റ് ക്ലെയേഴ്സ് കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ട്യൂഷൻ ഫീസ് 991 ഡോളർ ഉയർന്ന് 14,188 ഡോളറിലെത്തും. സ്കൂളുകൾക്കുള്ള സർക്കാർ ധനസഹായത്തിൽ വരുന്ന യഥാർത്ഥ കുറവാണ് ഫീസ് കൂട്ടാൻ കാരണമെന്ന് സിഎസിജിഇഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ഡി കാർവാലോ വിശദീകരിച്ചു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്ക് ഫീസ് ഇളവുകൾക്കായി സ്കൂൾ പ്രിൻസിപ്പൽമാരെ സമീപിക്കാമെന്നും ഫീസടയ്ക്കാൻ സാധിക്കാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.