ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ ഓഫീസിൽനിന്ന് സ്വതന്ത്ര എംപി ഹെലൻ ഹെയ്ൻസിനെക്കുറിച്ചുള്ള രേഖ തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്ക് കൈമാറിയ സംഭവത്തിൽ വിവാദം ശക്തമാകുന്നു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ഇത്തരം രേഖകൾ (ഡർട്ട് ഷീറ്റുകൾ) അവസാനിപ്പിക്കണമെന്ന് കൂടുതൽ ഫെഡറൽ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. 2025ലെ ഫെഡറൽ ബജറ്റിന് മുന്നോടിയായി ഹെയ്ൻസ് തന്റെ മണ്ഡലത്തിനായി ആവശ്യപ്പെട്ട ഫണ്ടിങ്ങിന്റെ വിവരങ്ങളാണ് രേഖയിലുണ്ടായിരുന്നത്. 180 കോടി ഓസ്ട്രേലിയൻ ഡോളറിലധികം വരുന്ന ഫണ്ടിങ് ആവശ്യങ്ങളുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ മാധ്യമസംഘം തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്ക് നൽകിയത്. സർക്കാർ നടപ്പാക്കിയതായി ആരോപിക്കപ്പെടുന്ന പക്ഷപാതപരമായ ഫണ്ടിങ് വിതരണത്തെ (പോർക്ക് ബാരലിങ്) ഹെയ്ൻസ് വിമർശിച്ചതിനു പിന്നാലെയാണ് സംഭവം.
സ്വന്തം മണ്ഡലമായ മാരിക്ക്വില്ലെ ഗോൾഫ് ക്ലബ്ബിന് ആറു ദശലക്ഷം ഡോളർ അനുവദിച്ച സർക്കാർ പദ്ധതിയെയും ഹെയ്ൻസ് വിമർശിച്ചിരുന്നു. അപേക്ഷ ക്ഷണിക്കാതെ തിരഞ്ഞെടുത്തവർക്കു മാത്രം ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയായിരുന്നു ഇതെന്നാണ് വിമർശനം. രേഖയുടെ നിലനിൽപ്പ് ആൽബനീസ് നിഷേധിച്ചില്ല. എന്നാൽ, അത് ഹെയ്ൻസിനെ വ്യക്തിപരമായി വിമർശിക്കാനുള്ളതല്ലെന്നും വിവിധ മണ്ഡലങ്ങൾക്കായി ജനപ്രതിനിധികൾ ഉന്നയിച്ച ഫണ്ടിങ് ആവശ്യങ്ങളുടെ പട്ടിക മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. സ്വന്തം മണ്ഡലത്തിനായി ഫണ്ട് ആവശ്യപ്പെടുന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയത്തിലെ വൃത്തികെട്ട രീതി’
പ്രതിപക്ഷ വിദേശകാര്യ വക്താവ് ടെഡ് ഒബ്രിയൻ സംഭവത്തിൽ പ്രധാനമന്ത്രി പൊതുജനങ്ങളോട് സത്യസന്ധത പുലർത്തണമെന്നും നേതൃത്വം കാട്ടണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച വാങരട്ടയിലെ സ്വന്തം മണ്ഡലം ഓഫീസിന് പുറത്ത് വാഹനമോടിച്ചെത്തിയ ഒരാളുടെ ആക്രമണത്തിന് ഇരയായെന്ന ആരോപണത്തെത്തുടർന്ന് ഹെയ്ൻസ് ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് വിമർശനം. “ഒരു ഡർട്ട് ഷീറ്റിനെ അഭിനന്ദനമായി വിശേഷിപ്പിക്കാനാവില്ല. രാഷ്ട്രീയമായി ഒരാളെ അടിച്ചിട്ട് അതിനെ ആലിംഗനമെന്ന് വിളിക്കുന്നതുപോലെയാണത്,” ഒബ്രിയൻ ടുഡേ പരിപാടിയോട് പറഞ്ഞു. ഇത്തരം രേഖകൾ രാഷ്ട്രീയത്തിലെ പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സഖ്യകക്ഷികളും (കോയലിഷൻ) ഇതേ രീതി പിന്തുടരുന്നുണ്ടോയെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ, ലേബറും കോയലിഷനും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ആരോപിച്ചു. ജനങ്ങൾ ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുമ്പോൾ നികുതിപ്പണം ഉപയോഗിച്ച് ശമ്പളം വാങ്ങുന്ന ജീവനക്കാരെ പ്രധാന പാർട്ടികൾ ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അവർ വിമർശിച്ചു.
സ്വതന്ത്ര സെനറ്റർ ഡേവിഡ് പോക്കോക്കും പ്രധാനമന്ത്രിയുടെ ജീവനക്കാരുടെ നടപടിയെ വിമർശിച്ചു. സംഭവത്തെ ന്യായീകരിക്കുന്നതിനുപകരം ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുമാറ്റത്തിന് ഔദ്യോഗിക അനുമതിയുണ്ടായിരുന്നോ എന്നതല്ല പ്രധാനമെന്നും നടപടി തെറ്റായിരുന്നുവെന്നും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻസ് പാർട്ടി നേതാവ് ഡേവിഡ് ഷൂബ്രിഡ്ജും പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഹെയ്ൻസിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രേഖ അയയ്ക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവർ തീരുമാനിച്ചതിന്റെ യുക്തി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതരാവസ്ഥയിൽ ഹെലൻ ഹെയ്ൻസ്
വാങരട്ടയിലെ മണ്ഡലം ഓഫീസിന് പുറത്ത് തിങ്കളാഴ്ചയുണ്ടായതായി ആരോപിക്കപ്പെടുന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹെയ്ൻസ് വെള്ളിയാഴ്ചയും മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആക്രമണത്തെത്തുടർന്ന് അവരുടെ ഇരുകാലുകളും മുറിച്ചുമാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ലേബർ പാർട്ടിയിലെ മുതിർന്ന നേതാവ് മാർക്ക് ബട്ട്ലർ രേഖയെ ഡർട്ട് ഷീറ്റെന്ന് വിശേഷിപ്പിക്കുന്നതിനെ എതിർത്തു. ഹെയ്ൻസ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഈ ആഴ്ച ഇത്തരം വിവാദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമല്ലിതെന്നും പകരം ഹെയ്ൻസിനും കുടുംബത്തിനും പിന്തുണ നൽകുകയും പൊതുസംവാദത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രാധാന്യം നൽകുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.