ഓസ്ട്രേലിയൻ ബിഗ് ബാഷ്, വനിത ബിഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകളിലെ മത്സരത്തിലെ പന്ത് ആരാധകർക്ക് സ്വന്തമാക്കാനാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് അവസരമൊരുക്കുന്നു. ഇന്നിങ്സിലെ ആദ്യ ഓവറിൽ ഫോറിലൂടെയോ സിക്സിലൂടെയോ ഗ്യാലറിയിലെത്തുന്ന പന്ത് സ്വന്തമാക്കാൻ ആരാധകർക്ക് അവകാശമുന്നയിക്കാം. ആദ്യ ഓവറിൽ ആരാധകർ പന്ത് സ്വന്തമാക്കിയാലും ഇല്ലെങ്കിലും രണ്ടാമത്തെ ഓവറിൽ പുതിയ പന്തിലാണ് മത്സരം തുടരുക. ട്വന്റി 20 മത്സരത്തിന്റെ അവശേഷിക്കുന്ന 19 ഓവറുകളിൽ രണ്ട് ടീമുകളും ഒരേ നിലവാരത്തിലുള്ള പന്തിൽ കളിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പുതിയ പന്തെടുക്കുന്നത്.
ആദ്യ ഓവറിൽ ഒന്നിലധികം തവണ ബാറ്റർമാർ പന്തുകൾ ഗ്യാലറിയിൽ എത്തിച്ചാൽ അത്രയും തവണ തന്നെ പന്തുകൾ കാണികൾക്ക് സ്വന്തമാകും. ഈ സമയത്ത് മത്സരം വൈകുന്നത് ഒഴിവാക്കാൻ അമ്പയർമാർക്ക് ആവശ്യമായ പന്തുകൾ കൈയ്യിൽ കരുതാം. നവംബർ ഒമ്പതിന് വനിതാ ബിഗ് ബാഷ് ക്രിക്കറ്റ് തുടക്കമാകുമ്പോൾ ഈ പുതിയ നിയമവും നടപ്പിലാകും.