Australian Capital Territory

പലസ്തീൻ പ്രതിനിധികളുമായി ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും; ബന്ധം ശക്തിപ്പെടുത്താൻ നീക്കം

ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങും പലസ്തീൻ വിദേശകാര്യ മന്ത്രി വർസൻ അഘബെക്യനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

Safvana Jouhar

കാൻബറ: ഓസ്‌ട്രേലിയയും പലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ വരും മാസങ്ങളിൽ കൂടിക്കാഴ്ച നടത്തും. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങും പലസ്തീൻ വിദേശകാര്യ മന്ത്രി വർസൻ അഘബെക്യനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. വെള്ളിയാഴ്ച നടന്ന സംഭാഷണത്തിൽ പലസ്തീൻ അതോറിറ്റിയുടെ ഭരണപരിഷ്‌കരണ നടപടികളിലെ പുരോഗതി അഘബെക്യൻ വോങിനെ ധരിപ്പിച്ചു. പലസ്തീൻ സ്ഥാപനങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭരണസംവിധാന പരിഷ്‌കരണങ്ങൾക്കുമായി ഓസ്‌ട്രേലിയ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

രണ്ട് രാഷ്ട്ര പരിഹാരത്തോടുള്ള ഓസ്‌ട്രേലിയയുടെ പ്രതിബദ്ധത വോങ് ആവർത്തിച്ചു. ഗാസയിലെ ഗുരുതരമായ സ്ഥിതിഗതികളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. പലസ്തീൻ രാഷ്ട്രത്തിന്റെ ഭാവി ഭരണത്തിൽ ഹമാസിന് പങ്കുണ്ടാകരുതെന്ന നിലപാടും വോങ് വ്യക്തമാക്കി. ഗാസയിലെ സമാധാന പദ്ധതി പൂർണമായി നടപ്പാക്കാനും ഗാസയിലേക്ക് തടസ്സമില്ലാത്ത മാനുഷിക സഹായം എത്തിക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളിലും ഓസ്‌ട്രേലിയ സമ്മർദം തുടരുകയാണെന്നും അവർ പറഞ്ഞു.

ഇസ്രയേൽ അനധികൃത കുടിയേറ്റ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും കുടിയേറ്റക്കാരുടെ അക്രമങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രവർത്തനങ്ങളും കുടിയേറ്റക്കാരുടെ അക്രമവും രണ്ട് രാഷ്ട്ര പരിഹാരത്തിന് തടസ്സമാണെന്ന നിലപാട് ഓസ്‌ട്രേലിയയും പങ്കാളി രാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീൻ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗാസയുടെ പുനരധിവാസത്തിനും ഓസ്‌ട്രേലിയ പിന്തുണ നൽകുന്നുണ്ട്. 2026 ജൂലൈയിൽ ഗാസയുടെ പുനരധിവാസത്തിനും പലസ്തീൻ അതോറിറ്റിയുടെ ഭരണ, സാമ്പത്തിക, സ്ഥാപനപരമായ പരിഷ്‌കരണങ്ങൾക്കുമായി ഓസ്‌ട്രേലിയ പുതിയ സഹായപാക്കേജ് പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT