(Hilary Wardhaugh/Getty Images)
Australian Capital Territory

'പാകിസ്ഥാനിലേക്ക് തിരികെ പോകൂ' പരാമർശം; പോളിൻ ഹാൻസന്റെ അപ്പീൽ ഓസ്ട്രേലിയൻ കോടതി തള്ളി

2024-ൽ, ഗ്രീൻസ് പാർട്ടി സെനറ്ററായ മെഹ്റീൻ ഫാറൂഖിയോട് "സാധനങ്ങൾ പായ്ക്ക് ചെയ്ത് പാകിസ്ഥാനിലേക്ക് തിരികെ പോകൂ" എന്ന പരാമർശം വംശീയ വിവേചന നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Safvana Jouhar

സിഡ്നി: മുസ്ലിം സെനറ്റർ മെഹ്റീൻ ഫാറൂഖിക്കെതിരെ നടത്തിയ വംശീയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ വലതുപക്ഷ നേതാവും വൺ നേഷൻ (One Nation) പാർട്ടി നേതാവുമായ പോളിൻ ഹാൻസന്റെ അപ്പീൽ ഓസ്ട്രേലിയയുടെ ഫുൾ ഫെഡറൽ കോടതി ഏകകണ്ഠമായി തള്ളി. 2024-ൽ, ഗ്രീൻസ് പാർട്ടി സെനറ്ററായ മെഹ്റീൻ ഫാറൂഖിയോട് "സാധനങ്ങൾ പായ്ക്ക് ചെയ്ത് പാകിസ്ഥാനിലേക്ക് തിരികെ പോകൂ" എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശം വംശീയ വിവേചന നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാൻസൻ അപ്പീൽ നൽകിയിരുന്നത്.

ബ്രിട്ടന്റെ മുൻ രാജ്ഞി എലിസബത്ത് രണ്ടാമന്റെ മരണദിനത്തിൽ, "കൊളോണിയൽ ഭരണകൂടത്തിന്റെ നേതാവിനെ തനിക്ക് അനുസ്മരിക്കാനാവില്ല" എന്ന മെഹ്റീൻ ഫാറൂഖിയുടെ സമൂഹമാധ്യമ പോസ്റ്റിനുള്ള മറുപടിയായാണ് ഹാൻസൻ ഈ വിവാദ പരാമർശം നടത്തിയത്. തിങ്കളാഴ്ച വിധി പ്രസ്താവിച്ച മൂന്നംഗ ബെഞ്ച്, അപ്പീലിൽ ഉന്നയിച്ച ഒരു വാദവും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഹാൻസന്റെ പരാമർശം നിയമവിരുദ്ധമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ അതിന് സംരക്ഷണം ലഭിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വിധിക്ക് പിന്നാലെ പ്രതികരിച്ച മെഹ്റീൻ ഫാറൂഖി, "ഇന്ന് നീതി വിജയിച്ചു. 'നിങ്ങൾ വന്ന നാട്ടിലേക്ക് തിരികെ പോകൂ' എന്ന് കേൾക്കേണ്ടിവന്ന ഓരോ വ്യക്തിയുടെയും വിജയമാണിത്," എന്ന് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വിധി പഠിച്ച ശേഷം ഓസ്ട്രേലിയയുടെ പരമോന്നത കോടതിയായ ഹൈക്കോടതിയെ സമീപിക്കുമെന്ന് പോളിൻ ഹാൻസൻ അറിയിച്ചു. നിലവിലെ നിയമങ്ങളും നിയന്ത്രണങ്ങളും സാധാരണക്കാർക്ക് സ്വന്തം അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ പോലും തടസ്സമാകുകയാണെന്ന് അവർ സമൂഹമാധ്യമമായ എക്സിൽ (X) കുറിച്ചു. 2024-ലെ വിധി ശരിയായിരുന്നുവെന്ന് ഫുൾ ഫെഡറൽ കോടതി വ്യക്തമാക്കി. ഹാൻസന്റെ പോസ്റ്റിൽ മുസ്ലിം വിരുദ്ധവും ഇസ്ലാമോഫോബിയ നിറഞ്ഞതുമായ സന്ദേശമുണ്ടെന്നും, ചരിത്രപരമായി വംശീയവും കുടിയേറ്റവിരുദ്ധവുമായ "നിങ്ങൾ വന്ന നാട്ടിലേക്ക് തിരികെ പോകൂ" എന്ന മുദ്രാവാക്യത്തിന്റെ മറ്റൊരു രൂപമാണിതെന്നും കോടതി വിലയിരുത്തി.

"വിദ്വേഷ പ്രസംഗം അഭിപ്രായസ്വാതന്ത്ര്യമല്ലെന്ന് ഫെഡറൽ കോടതി വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്," എന്ന് മെഹ്റീൻ ഫാറൂഖി പ്രതികരിച്ചു. 1997-ൽ സ്ഥാപിതമായ വൺ നേഷൻ പാർട്ടി ദീർഘകാലം മുഖ്യധാരയ്ക്ക് പുറത്തായിരുന്നുവെങ്കിലും, കുടിയേറ്റവിരുദ്ധ നിലപാടുകളുടെ അടിസ്ഥാനത്തിൽ സമീപകാല സർവേകളിൽ പാർട്ടിക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക നയത്തിന് വിരാമമിട്ട് രാജ്യം ഏകസംസ്കാര സമൂഹമാകണമെന്ന് പോളിൻ ഹാൻസൻ നേരത്തെയും ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT