മെൽബൺ: ഇൻഷുറൻസ് കമ്പനിയുടെ വ്യാജ കസ്റ്റമർ കെയർ നമ്പർ വഴി തട്ടിപ്പിൽപെട്ട് സ്വന്തം കാർ നഷ്ടമായ അനുഭവം പങ്കുവെച്ച് പ്രശസ്ത ഓസ്‌ട്രേലിയൻ തിയേറ്റർ നടി ക്രിസ്റ്റിൻ വീലൻ ബ്രൗൺ (44). പ്രമുഖ ഇൻഷുറൻസ് കമ്പനിയായ 'AAMI'-യുടെ പേരിൽ നടന്ന ഓൺലൈൻ തട്ടിപ്പിനിരയായ നടി, തന്റെ വാഹനം തട്ടിയെടുത്ത് തിരികെ നൽകാൻ വൻതുക ആവശ്യപ്പെടുന്ന മാഫിയയെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നത്.
തന്റെ കാർ മറ്റൊരു വാഹനം വന്നിടിച്ചതിനെ തുടർന്ന് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി താരം ഗൂഗിളിൽ AAMI ക്ലെയിം സപ്പോർട്ട് നമ്പർ തിരഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഗൂഗിൾ സെർച്ചിൽ മുകളിൽ കാണിച്ച ഒരു പരസ്യ ലിങ്കിലെ നമ്പറിലേക്കാണ് നടി വിളിച്ചത്. എന്നാൽ ഇത് തട്ടിപ്പുകാർ ഗൂഗിളിൽ നൽകിയ വ്യാജ നമ്പറായിരുന്നു.
കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന സംസാരിച്ച തട്ടിപ്പുകാർ, അരമണിക്കൂറിനുള്ളിൽ പകരമൊരു കാർ എത്തിക്കാമെന്ന് അറിയിച്ചു. പറഞ്ഞതുപോലെ തന്നെ ഒരാൾ വന്ന് നടിക്ക് താൽക്കാലികമായി ഉപയോഗിക്കാൻ ഒരു കാർ നൽകുകയും, നടിയുടെ കേടായ കാർ അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോവുകയും ചെയ്തു. പിന്നീട് സംശയം തോന്നി നടി ഇൻഷുറൻസ് കമ്പനിയെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. കമ്പനി അങ്ങനെയൊരു കാർ അയച്ചിട്ടേയില്ലായിരുന്നു. തുടർന്ന് പഴയ നമ്പറിൽ വീണ്ടും ബന്ധപ്പെട്ടപ്പോൾ, കാർ തിരികെ വേണമെങ്കിൽ വണ്ടിക്ക് സംഭവിച്ച കേടുപാടുകളുടെ തീർപ്പുകൽപ്പിക്കലായി 10,500 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 5.8 ലക്ഷത്തിലധികം രൂപ) നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. "അവർ തന്ന കാറുമായി ഞാൻ ഇപ്പോൾ ചുറ്റിനടക്കുകയാണ്, എന്റെ സ്വന്തം കാർ അവരുടെ കൈവശവുമാണ്. പണം നൽകാതെ അത് തിരികെ തരില്ലെന്നാണ് അവർ പറയുന്നത്," ക്രിസ്റ്റിൻ വീലൻ ബ്രൗൺ വീഡിയോയിൽ പറഞ്ഞു.
അന്വേഷണവുമായി ഇൻഷുറൻസ് കമ്പനി
സംഭവം വിവാദമായതോടെ AAMI നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്റ്റിന് നിയമസഹായം ഉൾപ്പെടെ നൽകി വാഹനം എത്രയും വേഗം തിരികെ എത്തിക്കാൻ അടിയന്തര അന്വേഷണം ആരംഭിച്ചതായി കമ്പനി വക്താവ് അറിയിച്ചു. ഗൂഗിൾ സെർച്ച് എഞ്ചിനിൽ തങ്ങളുടെ പേരിൽ വ്യാജ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷനുമായി (ASIC) ചേർന്ന് നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി. 2023 മുതൽ ഇതുവരെ 25,000-ത്തിലധികം വ്യാജ ഫിഷിംഗ് വെബ്‌സൈറ്റുകളാണ് അധികൃതർ ഇത്തരത്തിൽ ഇല്ലാതാക്കിയത്. ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഔദ്യോഗിക നമ്പറുകളിൽ മാത്രം ബന്ധപ്പെടാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.