സിഡ്‌നി: ഗർഭാശയ ഗള കാൻസറിനെ (Cervical Cancer) പൂർണ്ണമായും തുടച്ചുനീക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തൻ്റെ ആദ്യ കൺമണിക്ക് ജന്മം നൽകി ആറ് മാസത്തിനകമാണ് ക്രിസി വാൾട്ടേഴ്‌സിന് ഗർഭാശയ ഗള കാൻസർ സ്ഥിരീകരിക്കുന്നത്. രോഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ തൻ്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകൾക്ക് അമ്മയെ നഷ്ടമാകുമെന്നും ഡോക്ടർമാർ വിധിയെഴുതി. എന്നാൽ 2026-ൽ ക്രിസിയുടെ 12 വയസ്സുകാരിയായ മകൾ, ഈ കാൻസറിനെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് രാജ്യത്തിൻ്റെ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കുമ്പോൾ ഒരു തലമുറയെത്തന്നെ ഈ രോഗത്തിൽ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ.
കുട്ടികളിലെ വാക്സിനേഷൻ, കൃത്യമായ സ്ക്രീനിങ്ങ് എന്നിവയിലൂടെ കാൻസറിനെ പിടിച്ചുകെട്ടാനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ദേശീയതലത്തിലുള്ള പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ ഹ്യൂമൻ പാപ്പിലോമ വാറസ് (HPV) വാക്സിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2006-ൽ യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാൻഡിലെ ലബോറട്ടറിയിൽ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഗാർഡാസിൽ (Gardasil) എന്ന വാക്സിനും ഇതിൽ നിർണയകം പങ്കുവഹിക്കുന്നു. പ്രൊഫ. ഇയാൻ ഫ്രേസർ, ഡോ. ജിയാൻ ഷൗ എന്നിവർ ചേർന്നാണ് ഈ പ്രതിരോധ മരുന്ന് വികസിപ്പിച്ചത്. 2007-ൽ ഓസ്‌ട്രേലിയ ഈ കുത്തിവെപ്പ് പരിപാടി ദേശീയ തലത്തിൽ നടപ്പിലാക്കുന്ന ആദ്യ രാജ്യമായി മാറി. 2013 മുതൽ ഈ പദ്ധതിയിൽ ആൺകുട്ടികളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു.