Prime Minister Anthony Albanese meets his Fijian counterpart Sitiveni Rabuka in Suva  (Anthony Albanese)
Australian Capital Territory

ഫിജിയുമായി ചരിത്രപരമായ പ്രതിരോധ കരാർ; ഇൻഡോ-പസഫിക്കിൽ ബന്ധം ശക്തമാക്കി ഓസ്ട്രേലിയ

പ്രധാനമന്ത്രി ആന്തണി അൽബനീസും ഫിജി പ്രധാനമന്ത്രി സിറ്റിവേനി റബുകയുമാണ് തിങ്കളാഴ്ച സുവയിൽ "ഓഷ്യൻ ഓഫ് പീസ്" പ്രതിരോധ ഉടമ്പടിയിലും "വുവാലെ യൂണിയൻ" കരാറിലും ഒപ്പുവെച്ചത്.

Safvana Jouhar

ഇൻഡോ-പസഫിക് മേഖലയിൽ സഖ്യബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ചൈനയുടെ സ്വാധീനം ചെറുക്കുന്നതിന്റെയും ഭാഗമായി ഓസ്ട്രേലിയ ഫിജിയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി ആന്തണി അൽബനീസും ഫിജി പ്രധാനമന്ത്രി സിറ്റിവേനി റബുകയുമാണ് തിങ്കളാഴ്ച സുവയിൽ "ഓഷ്യൻ ഓഫ് പീസ്" പ്രതിരോധ ഉടമ്പടിയിലും "വുവാലെ യൂണിയൻ" കരാറിലും ഒപ്പുവെച്ചത്. ഓഷ്യൻ ഓഫ് പീസ് കരാർ ഓസ്ട്രേലിയയുടെ നാലാമത്തെ ഔദ്യോഗിക പരസ്പര പ്രതിരോധ ഉടമ്പടിയാണ്. അമേരിക്ക, ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ എന്നിവയുമായുള്ള കരാറുകൾക്ക് പിന്നാലെയാണ് ഫിജിയുമായും ഈ സഖ്യം നിലവിൽ വന്നത്.

അതേസമയം, ഇൻഡോ-പസഫിക് മേഖലയെ "സ്വതന്ത്രവും തുറന്നതുമായ പ്രദേശം" ആക്കാനുള്ള നീക്കങ്ങളെ ചൈന വിമർശിച്ചു. സമാധാനത്തിനും വികസനത്തിനും പ്രാദേശിക സഹകരണത്തിനുമെതിരായ വിഭജന രാഷ്ട്രീയമാണ് ഇത്തരം ആശയങ്ങളെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫിജി സന്ദർശനത്തിന് ശേഷം അൽബനീസ് സോളമൻ ദ്വീപുകളും സന്ദർശിച്ച് പുതിയ പ്രധാനമന്ത്രി മാത്യു വാലെയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തും. മുൻ സർക്കാരിന്റെ ചൈന അനുകൂല നയങ്ങളിൽ നിന്ന് പുതിയ സർക്കാർ മാറിയ സാഹചര്യത്തിലാണ് ഈ ചർച്ചകൾ. അതേസമയം ഈ ആഴ്ച ഇന്ത്യ, പാപുവ ന്യൂ ഗിനിയ, സമോവ, ടോംഗ എന്നീ രാജ്യങ്ങളിലെ നേതാക്കളെയും അൽബനീസ് ഓസ്ട്രേലിയയിൽ സ്വീകരിക്കും.

"പസഫിക് മേഖലയ്ക്ക് വിശ്വസിക്കാവുന്ന പങ്കാളിയായി ഓസ്ട്രേലിയ തുടരും. ഒരുമിച്ച് പ്രവർത്തിച്ചാൽ സുരക്ഷിതവും കരുത്തുറ്റതുമായ ഒരു മേഖല സൃഷ്ടിക്കാനും എല്ലാവരുടെയും സമ്പദ്‌വ്യവസ്ഥ വളർത്താനും കഴിയും," എന്ന് അൽബനീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച വനുവാട്ടുവുമായി നകമാൽ കരാറിൽ ഒപ്പുവെച്ച ഓസ്ട്രേലിയ, ജൂൺ ആദ്യം സോളമൻ ദ്വീപുകളുമായുള്ള ചർച്ചകളും പുനരാരംഭിച്ചിരുന്നു.

SCROLL FOR NEXT