Australian Capital Territory

ഓസ്‌ട്രേലിയ ആദ്യ പ്രതിരോധ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു

2024ലെ ഡിഫൻസ് ഇന്നൊവേഷൻ, സയൻസ് ആൻഡ് ടെക്നോളജി സ്ട്രാറ്റജിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ പ്രധാന ഘടകമാണ് പുതിയ ഗവേഷണ കേന്ദ്രമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു.

Safvana Jouhar

രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ഗവേഷണ-നൂതനാശയ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയൻ സർക്കാർ ആദ്യത്തെ ഡിഫൻസ് റിസർച്ച് സെന്റർ സ്ഥാപിക്കുന്നു. 2024ലെ ഡിഫൻസ് ഇന്നൊവേഷൻ, സയൻസ് ആൻഡ് ടെക്നോളജി സ്ട്രാറ്റജിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ പ്രധാന ഘടകമാണ് പുതിയ ഗവേഷണ കേന്ദ്രമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു. പ്രതിരോധ മേഖല, വ്യവസായ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സംഘടനകൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവന്ന് ദേശീയ സുരക്ഷയ്ക്കാവശ്യമായ ഗവേഷണങ്ങളും സാങ്കേതിക വികസനവും വേഗത്തിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ സങ്കീർണമായ പ്രതിരോധ ശേഷി വെല്ലുവിളികൾ പരിഹരിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സ്വതന്ത്ര പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനുള്ള പുതിയ ദേശീയ പങ്കാളിത്ത മാതൃകയായാണ് ഡിഫൻസ് റിസർച്ച് സെന്ററുകൾ വിഭാവനം ചെയ്തിരിക്കുന്നത്. "ഓസ്‌ട്രേലിയയുടെ സ്വതന്ത്ര ഗവേഷണ-നൂതനാശയ ശേഷി ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് ഡിഫൻസ് റിസർച്ച് സെന്റർ പദ്ധതി. പ്രതിരോധ മേഖല, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ പ്രതിരോധ മേഖലയിലെ സങ്കീർണമായ ശേഷി വെല്ലുവിളികൾ പരിഹരിക്കാൻ സഹായിക്കുന്ന പുതിയ ദേശീയ പങ്കാളിത്ത മാതൃകയാണ് ഞങ്ങൾ സൃഷ്ടിക്കുന്നത്," പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

ആദ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനുള്ള ലീഡ് പാർട്ണറെ തിരഞ്ഞെടുക്കുന്നതിനായി സർക്കാർ മത്സരാധിഷ്ഠിത നടപടിക്രമം ആരംഭിക്കും. ഗവേഷണം, വ്യവസായം, നൂതനാശയം തുടങ്ങിയ മേഖലകളിലെ വിവിധ പങ്കാളികളെ ഉൾപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്. പ്രതിരോധ മേഖലയിലെ മുൻഗണനകൾക്ക് അനുസൃതമായ പദ്ധതികൾക്കായിരിക്കും പ്രധാനമായും പരിഗണന നൽകുക. 2025-26 കാലയളവിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന രണ്ട് ഡിഫൻസ് റിസർച്ച് സെന്ററുകളിൽ ആദ്യത്തേതിന് Operational Energy Transitions Defence Research Centre എന്നാണ് പേര് നൽകിയിരിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഗവേഷണ-വികസന അടിത്തറ വിപുലീകരിക്കാനും ഓസ്‌ട്രേലിയയുടെ പ്രതിരോധ നൂതനാശയ മേഖല ശക്തിപ്പെടുത്താനും ഡിഫൻസ് റിസർച്ച് സെന്ററുകൾ സഹായിക്കുമെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

SCROLL FOR NEXT