കാതറിൻ ബെന്നൽ-പെഗ്  
Australian Capital Territory

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കാതറിൻ ബെന്നൽ-പെഗ്; 2028 ദൗത്യത്തിന് ഓസ്‌ട്രേലിയയുടെ നിർദേശം

ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയിലെ (എഎസ്എ) ബഹിരാകാശ സാങ്കേതികവിദ്യാ ഡയറക്ടറായ ബെന്നൽ-പെഗ് 2024ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രിക പരിശീലനം പൂർത്തിയാക്കിയിരുന്നു.

Safvana Jouhar

കാൻബറ: ഓസ്‌ട്രേലിയൻ ബഹിരാകാശയാത്രികയും 2026ലെ ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ പുരസ്‌കാര ജേതാവുമായ കാതറിൻ ബെന്നൽ-പെഗിനെ 2028ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനുള്ള നിർദേശം യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് (ഇഎസ്എ) നൽകി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. ദൗത്യം യാഥാർഥ്യമായാൽ ഓസ്‌ട്രേലിയൻ പതാകയ്ക്കു കീഴിൽ യോഗ്യത നേടിയ ബഹിരാകാശയാത്രിക ബഹിരാകാശത്തേക്ക് പോകുന്നത് ആദ്യമായിരിക്കും. ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയിലെ (എഎസ്എ) ബഹിരാകാശ സാങ്കേതികവിദ്യാ ഡയറക്ടറായ ബെന്നൽ-പെഗ് 2024ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രിക പരിശീലനം പൂർത്തിയാക്കിയിരുന്നു. വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ച ശാസ്ത്രമന്ത്രി ടിം അയേഴ്‌സ്, ദൗത്യത്തിനാവശ്യമായ പണം കണ്ടെത്താൻ സ്വകാര്യ മേഖല, ജീവകാരുണ്യ പ്രവർത്തകർ, വിവിധ സംസ്ഥാന സർക്കാരുകൾ എന്നിവരുമായി ചർച്ചകൾ നടത്തിയതായി അറിയിച്ചു. ആറു ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറിലധികം പണമായും മറ്റു സഹായങ്ങളായും സംഭാവന വാഗ്ദാനം ചെയ്തവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

100 ദശലക്ഷം ഡോളറിന്റെ ദൗത്യം

ദൗത്യത്തിന് ഏകദേശം 100 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ തുക ഒറ്റയ്ക്ക് വഹിക്കാൻ ഒരു സർക്കാരിനും കഴിയില്ലെന്ന് നേരത്തേ ശാസ്ത്രമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയൻ ബഹിരാകാശ വ്യവസായ രംഗത്തുനിന്നും ജീവകാരുണ്യ പ്രവർത്തകരിൽ നിന്നും ദൗത്യത്തിന് പിന്തുണ ലഭിച്ചിട്ടുണ്ട്. സംരംഭകരായ ഡിക്ക് സ്മിത്തും ജിം വാലിയും ദൗത്യത്തിനായി ഒരോ ദശലക്ഷം ഡോളർ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി കെവിൻ റഡ്ഡും പദ്ധതിക്ക് പിന്തുണ അറിയിച്ചു. ഓസ്‌ട്രേലിയയുടെ ബഹിരാകാശ ഏജൻസി ആസ്ഥാനമായുള്ള സൗത്ത് ഓസ്‌ട്രേലിയ, ദൗത്യത്തിന് ഫെഡറൽ സർക്കാരുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കളെ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം (STEM) എന്നീ മേഖലകളിലേക്ക് ആകർഷിക്കാൻ ഈ ദൗത്യം സഹായിക്കുമെന്ന് സംസ്ഥാന പ്രീമിയർ പീറ്റർ മലിനോസ്കസ് പറഞ്ഞു.

സാമ്പത്തിക നേട്ടത്തെക്കുറിച്ച് ചർച്ച

ദൗത്യത്തിന് വലിയ തുക ചെലവിടുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ബെന്നൽ-പെഗിന് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അനുയോജ്യമായ ദൗത്യം ലഭിച്ചാൽ ബഹിരാകാശത്തേക്ക് പോകാൻ അവർ സജ്ജയാണെന്നും മക്വാറി സർവകലാശാലയിലെ ഭൗതികശാസ്ത്ര-ജ്യോതിശാസ്ത്ര പ്രൊഫസർ റിച്ചാർഡ് ഡി ഗ്രൈസ് പറഞ്ഞു. ബെന്നൽ-പെഗിന്റെ പരിശീലനത്തിനായി ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി ഇതിനകം 466,000 ഡോളർ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ, ഏകദേശം 100 ദശലക്ഷം ഡോളർ കൂടി ചെലവഴിക്കുന്നത് എത്രത്തോളം പ്രയോജനകരമാകുമെന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇത്തരം ദൗത്യങ്ങൾ പ്രതീക്ഷിച്ചതിലും വലിയ ദീർഘകാല നേട്ടങ്ങൾ രാജ്യത്തിന് നൽകിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയൻ ബഹിരാകാശ വ്യവസായത്തിന് നിക്ഷേപത്തിന് മികച്ച പ്രതിഫലം ലഭിച്ച ചരിത്രമുണ്ടെന്ന് സ്പേസ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയ ചെയർമാൻ ഡാരിൻ ലവറ്റ് പറഞ്ഞു. ഈ നൂറ്റാണ്ടിലെ നിർണായക വ്യവസായങ്ങളിലൊന്നായ ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ ഭാവിക്കായുള്ള നിക്ഷേപമായാണ് അദ്ദേഹം പദ്ധതിയെ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയയിൽ നിർമിക്കുന്ന ‘റൂ-വെർ’ എന്ന ചാന്ദ്രപര്യവേക്ഷണ വാഹനവും 2030ൽ നാസയുടെ ദൗത്യത്തിലൂടെ ചന്ദ്രനിലെത്തും. ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതികളെയും വിലയിരുത്തുന്നത്.

ബഹിരാകാശ യാത്രികയാകാനുള്ള സ്വപ്നം യുവാക്കളെ ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് ആകർഷിക്കുന്ന ഒരു വഴിയാണെന്ന് ഈ മാസം നടത്തിയ പ്രസംഗത്തിൽ ബെന്നൽ-പെഗ് പറഞ്ഞിരുന്നു. 2028ലെ ദൗത്യത്തിനായുള്ള നിർദേശം അംഗീകരിക്കപ്പെട്ടാൽ, ഓസ്‌ട്രേലിയയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കും.

SCROLL FOR NEXT