Australian Capital Territory

സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ഓസ്ട്രേലിയ

പ്രധാനമന്ത്രി ആന്റണി ആൽബനീസ് പാർലമെന്റിൽ സംസാരിക്കവെ, "ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്ന" വലിയ ടെക് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് വ്യക്തമാക്കി.

Safvana Jouhar

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യ നിയമം നടപ്പാക്കിയ ഓസ്ട്രേലിയ, ഇപ്പോൾ അതിന്റെ നടപ്പാക്കൽ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ പരിഗണിക്കുകയാണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പാർലമെന്റിൽ സംസാരിക്കവെ, "ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്ന" വലിയ ടെക് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് വ്യക്തമാക്കി.

2025 ഡിസംബർ മുതൽ, Instagram, Facebook, TikTok, Snapchat, YouTube, Twitch, Kick, X തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ 16 വയസ്സിൽ താഴെയുള്ള ഓസ്ട്രേലിയൻ കുട്ടികൾക്ക് അക്കൗണ്ട് തുറക്കുന്നത് തടയേണ്ടത് നിയമപരമായ ബാധ്യതയായി മാറിയിരുന്നു. എന്നാൽ, നിലവിലെ നിയമങ്ങൾക്ക് "വളരെ പരിമിതമായ അടിത്തറ" മാത്രമാണുള്ളതെന്ന് ഓസ്ട്രേലിയയുടെ eSafety കമ്മീഷണർ Julie Inman Grant മുന്നറിയിപ്പ് നൽകിയിരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 49.5 മില്യൺ ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെങ്കിലും ഇതുവരെ ഒരു കമ്പനിക്കുമെതിരെ പിഴ ചുമത്തിയിട്ടില്ല.

സോഷ്യൽ മീഡിയ കമ്പനികൾക്ക് അസാധാരണമായ സ്വാധീനമുണ്ടെന്നും എന്നാൽ അതിന് തക്ക ഉത്തരവാദിത്തം അവർ ഏറ്റെടുക്കുന്നില്ലെന്നും അൽബനീസ് വിമർശിച്ചു. ഉപയോക്താക്കളെ കൂടുതൽ തീവ്രവും അപകടകരവുമായ ഉള്ളടക്കങ്ങളിലേക്ക് നയിക്കാൻ ചില അൽഗോരിതങ്ങൾ കാരണമാകുന്നതായും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ വർഷം 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ട് ലോകത്ത് ആദ്യമായി ഇത്തരം നിയമം നടപ്പാക്കിയ രാജ്യമായിരുന്നു ഓസ്ട്രേലിയ. ഈ മാതൃക പിന്തുടർന്ന് ഇതിനകം 16 രാജ്യങ്ങൾ സമാന നടപടികൾ പരിഗണിക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുകയും ടെക് കമ്പനികളെ കൂടുതൽ ഉത്തരവാദികളാക്കുകയും ചെയ്യുകയാണ് പുതിയ നീക്കങ്ങളുടെ പ്രധാന ലക്ഷ്യം.

SCROLL FOR NEXT