Australian Capital Territory

ഭീകരവാദ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ വീഴ്ച; ടെലഗ്രാമിനെതിരെ ഓസ്ട്രേലിയ നിയമനടപടി തുടങ്ങി

ഓസ്ട്രേലിയൻ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 5.46 കോടി ഓസ്ട്രേലിയൻ ഡോളർ (A$54.6 million) വരെ സിവിൽ പിഴ ചുമത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Safvana Jouhar

സിഡ്നി: ഭീകരവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിനെതിരെ ഓസ്ട്രേലിയൻ ഇന്റർനെറ്റ് റെഗുലേറ്റർ നിയമനടപടി ആരംഭിച്ചു. ഭീകരരുടെ വധശിക്ഷകളും കൂട്ട വെടിവെപ്പുകളും ഉൾപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യുന്നതിൽ ടെലഗ്രാം പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് eSafety Commissioner ഓഫീസ് വ്യാഴാഴ്ച അറിയിച്ചു.

ക്രൈസ്റ്റ്ചർച്ച്, ബഫലോ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഉൾപ്പെടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തീവ്രവാദ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് കേസിന്റെ പരിധിയിലുള്ളതെന്ന് eSafety Commissioner ജൂലി ഇൻമാൻ ഗ്രാന്റ് പറഞ്ഞു. ടെലഗ്രാമിന് ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ശേഷവും അവ പ്ലാറ്റ്‌ഫോമിൽ ഏറെക്കാലം ലഭ്യമായിരുന്നുവെന്നാണ് അധികൃതരുടെ ആരോപണം. ഓസ്ട്രേലിയൻ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 5.46 കോടി ഓസ്ട്രേലിയൻ ഡോളർ (A$54.6 million) വരെ സിവിൽ പിഴ ചുമത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പുകളിൽ ഒന്നായ ടെലഗ്രാമിന് പ്രതിമാസം ഒരു ബില്യണിലധികം സജീവ ഉപയോക്താക്കളുണ്ടെന്നാണ് കമ്പനിയുടെ കണക്ക്.

അതേസമയം റഷ്യൻ വംശജനായ ടെലഗ്രാം സ്ഥാപകൻ പവൽ ദുരോവ് 2014ൽ റഷ്യ വിട്ടിരുന്നു. 2017ൽ അദ്ദേഹം കമ്പനിയുടെ ആസ്ഥാനം ദുബായിലേക്ക് മാറ്റി. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രധാന ഉറവിടമായി ടെലഗ്രാം മാറിയിട്ടുണ്ട്. മോസ്കോയിലെയും കീവിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം കൂടിയാണിത്. അതേസമയം, ടെലഗ്രാം ഉപയോഗിച്ച് യുക്രെയ്ൻ ചാരന്മാർ റഷ്യയ്ക്കുള്ളിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കുറ്റം റഷ്യൻ അധികൃതർ ബുധനാഴ്ച പവൽ ദുരോവിനെതിരെ ചുമത്തിയതായും റിപ്പോർട്ടുണ്ട്.

SCROLL FOR NEXT