പിൽബറ മേഖലയിലെ ഇരുമ്പയിര് ഉപയോഗിച്ച് കുറഞ്ഞ കാർബൺ പുറന്തള്ളലോടെ ഉയർന്ന ശുദ്ധിയുള്ള ഇരുമ്പ് ഉൽപ്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് പെർത്ത് ആസ്ഥാനമായ Element Zero കമ്പനിക്ക് ഓസ്‌ട്രേലിയൻ സർക്കാർ 26 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ ധനസഹായം നൽകും. Future Made in Australia Innovation Fund-ന്റെ ഭാഗമായാണ് ധനസഹായം അനുവദിക്കുന്നത്. Australian Renewable Energy Agency (ARENA) മുഖേനയാണ് പദ്ധതി നടപ്പാക്കുക. ഓസ്‌ട്രേലിയൻ ഇരുമ്പയിര് ഉയർന്ന ശുദ്ധിയുള്ള ഇരുമ്പാക്കി മാറ്റുന്നതിനുള്ള കമ്പനിയുടെ 53.7 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ മൂല്യമുള്ള പദ്ധതിക്കാണ് സർക്കാർ പിന്തുണ നൽകുന്നത്.
പരമ്പരാഗത ഇരുമ്പ് ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന കൽക്കരി ഉൾപ്പെടെയുള്ള കാർബൺ അധിഷ്ഠിത വസ്തുക്കൾക്ക് പകരം വൈദ്യുതിയും ഉരുകിയ ലവണങ്ങളും (molten salts) ഉപയോഗിക്കുന്നതാണ് Element Zeroയുടെ സാങ്കേതികവിദ്യ. ഏകദേശം 400 മുതൽ 450 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലാണ് ഈ പ്രക്രിയ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഇരുമ്പ് നിർമ്മാണ പ്രക്രിയകളിൽ ഉപയോഗിക്കുന്നതിനെക്കാൾ വളരെ കുറഞ്ഞ താപനിലയാണിത്.
പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ പ്രതിദിനം ഏകദേശം ഒരു ടൺ ഇരുമ്പ് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പൈലറ്റ് പ്ലാന്റ് സ്ഥാപിക്കും. പദ്ധതിയുടെ ഔദ്യോഗിക അവലോകനത്തിന് ശേഷം രണ്ടാംഘട്ടത്തിൽ ഉൽപ്പാദന ശേഷി പ്രതിദിനം 10 ടണ്ണായി ഉയർത്തും. ഹെമറ്റൈറ്റ്-ഗോതൈറ്റ് ഉൾപ്പെടെ വിവിധ തരം ഓസ്‌ട്രേലിയൻ ഇരുമ്പയിരുകൾ ഉപയോഗിച്ച് സാങ്കേതികവിദ്യ പരീക്ഷിക്കും. ആഭ്യന്തര, അന്താരാഷ്ട്ര സ്റ്റീൽ നിർമ്മാതാക്കൾക്ക് ഈ സാങ്കേതികവിദ്യയുടെ സാധ്യത തെളിയിക്കുകയാണ് ലക്ഷ്യം. ഓസ്‌ട്രേലിയൻ ഇരുമ്പയിരിന് കൂടുതൽ മൂല്യം നൽകാനും രാജ്യത്തെ നിർമ്മാണ മേഖലയെ പിന്തുണയ്ക്കാനും ആഗോള സമ്പദ്‌വ്യവസ്ഥയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള മേഖലകളിലൊന്നായ ഇരുമ്പ്-ഉരുക്ക് വ്യവസായത്തിലെ മലിനീകരണം കുറയ്ക്കാനും ഈ നിക്ഷേപം സഹായിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന-ഊർജ മന്ത്രി ക്രിസ് ബോവൻ പറഞ്ഞു. ഹൈഡ്രജൻ അധിഷ്ഠിത സാങ്കേതികവിദ്യകൾ ഉൾപ്പെടെ കുറഞ്ഞ മലിനീകരണത്തോടെ ഇരുമ്പ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള ARENAയുടെ വിപുലമായ ‘ഗ്രീൻ അയൺ’ പദ്ധതികളുടെ ഭാഗമാണ് Element Zeroയുടെ ഈ പദ്ധതി.