ഓസ്ട്രേലിയയിൽ ആദ്യമായി അത്യന്തം അപകടകാരിയായ H5N1 ബേർഡ് ഫ്ലൂ സ്ഥിരീകരിച്ചതോടെ രാജ്യത്തെ തദ്ദേശീയ വന്യജീവികൾക്ക് ഗുരുതര ഭീഷണി ഉയർന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. പശ്ചിമ ഓസ്ട്രേലിയയിലെ കേപ് ലെ ഗ്രാൻഡ് നാഷണൽ പാർക്കിന് സമീപം കണ്ടെത്തിയ ഒരു ബ്രൗൺ സ്കുവ എന്ന കടൽപ്പക്ഷിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ലോകമെമ്പാടും ലക്ഷക്കണക്കിന് പക്ഷികളെയും മറ്റ് വന്യജീവികളെയും കൊന്നൊടുക്കിയ ഈ വൈറസ് ഇപ്പോൾ ഓസ്ട്രേലിയൻ വന്യജീവികളിലേക്കും പടരാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തസ്മാനിയൻ ഡെവിള്‍, ഓറഞ്ച്-ബെല്ലീഡ് പാരറ്റ്, ഓസ്ട്രേലിയൻ സീ ലയൺ, വിവിധ കടൽപക്ഷികൾ, സീലുകൾ എന്നിവ ഉൾപ്പെടെയുള്ള അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗങ്ങൾ കൂടുതൽ അപകടസാധ്യതയിലാണെന്ന് അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി ആന്റണി അൽബനീസ് സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് വിശേഷിപ്പിച്ചെങ്കിലും വൈറസിനെ നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിലായി ബേർഡ് ഫ്ലൂ ഭീഷണിയെ നേരിടാൻ സർക്കാർ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലവിൽ കോഴിവളർത്തൽ മേഖലയിലോ കാർഷിക മേഖലയിലോ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ഉള്ള ആരോഗ്യഭീഷണി വളരെ കുറവാണെന്നും അധികൃതർ അറിയിച്ചു. രോഗബാധിതമോ ചത്തതോ ആയ പക്ഷികളെ സ്പർശിക്കരുതെന്നും കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
2025-26 കാലഘട്ടത്തിൽ ഓസ്ട്രേലിയയുടെ ഉപഅന്റാർട്ടിക് പ്രദേശമായ ഹേർഡ് ദ്വീപിൽ ബേർഡ് ഫ്ലൂ പടർന്നതിനെ തുടർന്ന് 13,000-ലധികം സീൽ കുഞ്ഞുങ്ങൾ ചത്തിരുന്നു. അതിനാൽ തന്നെ ഈ വൈറസിന്റെ പ്രധാനഭൂഖണ്ഡത്തിലേക്കുള്ള പ്രവേശനം പരിസ്ഥിതി വിദഗ്ധരിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.