റാബിസ് എന്നത് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ്.  (X)
Australian Capital Territory

വ്യാജ റാബിസ് വാക്സിൻ: ഇന്ത്യയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ

ഓസ്ട്രേലിയ റാബിസിൽ നിന്ന് മുക്തമാണ്. എന്നാൽ, ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ഇപ്പോഴും വൈറസ് സാന്നിധ്യമുണ്ട്.

Safvana Jouhar

ഇന്ത്യയിൽ വ്യാജ റാബിസ് വാക്സിൻ ബാച്ചുകളുടെ വില്പനയെ കുറിച്ച് സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി ഓസ്‌ട്രേലിയ. 2023 നവംബർ 1 മുതൽ റാബിസ് വാക്സിൻ അഭയ്‌റാബിന്‍റെ വ്യാജ മരുന്നുകൾ പ്രചാരത്തിലുണ്ടെന്ന് ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനെ ( ATAGI) അറിയിച്ചു. അഭയ്‌റാബിന് ഓസ്‌ട്രേലിയയിൽ അംഗീകാരമോ വിതരണമോ ഇല്ലെന്നും ഇന്ത്യ സന്ദർശിക്കുമ്പോൾ ഈ വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് റാബിസിനെതിരെ മതിയായ സംരക്ഷണം ലഭിച്ചേക്കില്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ സഞ്ചാരികൾ തിരിച്ചെത്തുമ്പോൾ കൂടുതൽ വൈദ്യസഹായം വേണ്ടിവന്നേക്കാമെന്നും മുന്നയിപ്പിൽ പറയുന്നു. 2023 നവംബർ ഒന്നിനോ അതിന് ശേഷമോ ഇന്ത്യയിൽ നിന്നും റാബിസ് വാക്സിൻ എടുത്തിട്ടുള്ള ഓസ്ട്രേലിയക്കാർ എത്രയും വേഗം ഒരു ജനറൽ പ്രാക്ടീഷണറെയോ ട്രാവൽ ഹെൽത്ത് സ്പെഷ്യലിസ്റ്റിനെയോ സമീപിക്കാനും ആരോഗ്യവകുപ്പ് കഴഞ്ഞ 19 -ാം തിയതി ഇറക്കിയ പത്രക്കുറിപ്പിൽ നിർദ്ദേശിക്കുന്നു.

റാബിസ് എന്നത് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ്, ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ അത് മാരകമായിരിക്കും. ഓസ്ട്രേലിയ റാബിസിൽ നിന്ന് മുക്തമാണ്. എന്നാൽ, ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ഇപ്പോഴും വൈറസ് സാന്നിധ്യമുണ്ട്. സാധാരണയായി രോഗബാധിതരായ മൃഗങ്ങൾ, പ്രത്യേകിച്ചും നായകളുടെ കടികൾ, പോറലുകൾ, അല്ലെങ്കിൽ ഉമിനീരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. വ്യാജ വാക്സിനുകൾ റാബിസ് ബാധിതർക്ക് ചികിത്സ പരാജയപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

റാബിസ് ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഓസ്ട്രേലിയൻ ആരോഗ്യവകുപ്പ് പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നു. യാത്രയ്ക്ക് മുമ്പ് വിദഗ്ദ വൈദ്യോപദേശം തേടുകയും ശുപാർശ ചെയ്യുന്ന വാക്സിനേഷനുകളെക്കുറിച്ച് അറിഞ്ഞിരിക്കുക. കാട്ടുമൃഗങ്ങളുമായോ വളർത്തുമൃഗങ്ങളുമായോ, പ്രത്യേകിച്ച് നായ്ക്കൾ, പൂച്ചകൾ, കുരങ്ങുകൾ എന്നിവയുമായോ അടുത്ത സമ്പർക്കം ഒഴിവാക്കുക. ഏതെങ്കിലും മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഉണ്ടായാൽ ഉടൻ തന്നെ നന്നായി കഴുകുക, അടിയന്തിര വൈദ്യസഹായം തേടുക. വിദേശത്ത് ലഭിച്ച എല്ലാ വാക്സിനുകളുടെയും വിശദമായ രേഖകൾ സൂക്ഷിക്കുക, തീയതികൾ, വാക്സിൻ പേരുകൾ, ബാച്ച് നമ്പറുകൾ എന്നിവ രേഖപ്പെടുത്തുക. സാധ്യമാകുമ്പോഴെല്ലാം വാക്സിൻ പാക്കേജിംഗിന്‍റെയോ ലേബലുകളുടെയോ ഫോട്ടോ എടുത്ത് സൂക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് സഞ്ചാരികൾക്ക് നൽകുന്നു.

SCROLL FOR NEXT