ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്കാണ് ANZ (LinkedIn)
Australian Capital Territory

ANZ ൽ പിരിച്ചുവിടൽ: 3,500 പേർക്ക് ജോലി നഷ്ടമാകും

2026 സെപ്റ്റംബറോടെ ബാങ്ക് 3,500 മുഴുവൻ സമയ ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് ANZ സിഇഒ നുനോ മാറ്റോസ് സ്ഥിരീകരിച്ചു. ഏകദേശം 1,000 കോൺട്രാക്ടർ റോളുകളും ഘട്ടം ഘട്ടമായി പിരിച്ചുവിടും.

Safvana Jouhar

ഒരു പ്രധാന പുനഃസംഘടനയുടെ ഭാഗമായി 2026 സെപ്റ്റംബറോടെ ബാങ്ക് 3,500 മുഴുവൻ സമയ ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് ANZ സിഇഒ നുനോ മാറ്റോസ് സ്ഥിരീകരിച്ചു. ഏകദേശം 1,000 കോൺട്രാക്ടർ റോളുകളും ഘട്ടം ഘട്ടമായി പിരിച്ചുവിടും. തന്റെ പുനഃസംഘടനാ പദ്ധതി പ്രകാരം 3500 ജോലികൾ പിരിച്ചുവിടുന്നത് "വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്" നുനോ മാറ്റോസ് സമ്മതിച്ചു. മുതിർന്ന എക്സിക്യൂട്ടീവ് നേതൃത്വത്തിലെ പകുതി പേരെയും പിരിച്ചുവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വെട്ടിക്കുറയ്ക്കൽ ബാങ്കിന് 585 മില്യൺ ഡോളർ നഷ്ടമുണ്ടാക്കുമെന്ന് കണക്കാക്കപ്പെടുന്നത്. പിരിച്ചുവിടലുകൾ ബാങ്കിനെ ലളിതമായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുമെന്നും, വിപുലീകരിച്ച ഒരു മുൻനിരയും ചുരുങ്ങിയ ആസ്ഥാനവും സൃഷ്ടിക്കുമെന്നും മാറ്റോസ് തറപ്പിച്ചുപറഞ്ഞു. ബാങ്കിന്റെ നേതൃത്വത്തെ വിമർശിച്ചിരുന്ന ധനകാര്യ മേഖല യൂണിയനുമായി നല്ല ബന്ധം നിലനിർത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ANZ സിഇഒ നുനോ മാറ്റോസ്

കാൻബറയിൽ ഇന്ന് നടന്ന ബാങ്കുകളെക്കുറിച്ചുള്ള ഹൗസ് ഇക്കണോമിക്സ് കമ്മിറ്റിയുടെ അവലോകനത്തിൽ പങ്കെടുത്ത മാറ്റോസിന്, പുനഃസംഘടനയിൽ ആയിരക്കണക്കിന് പേർക്ക് ജോലി നഷ്ടപ്പെടുന്നത് ന്യായമാണോ എന്ന് സംശയമുണ്ടായിരുന്നു, അതേസമയം അഴിമതികളിൽ എക്സിക്യൂട്ടീവുകൾക്ക് ബോണസ് മാത്രമേ നഷ്ടപ്പെട്ടുള്ളൂ. അതേസമയം ബാങ്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച്ചകൾക്ക് മാറ്റോസ് ക്ഷമാപണം നടത്തി. മരിച്ചവർ ഉൾപ്പെടെ ആയിരക്കണക്കിന് ഉപഭോക്താക്കളോട് മോശമായി പെരുമാറിയതിനും ഫെഡറൽ സർക്കാരിനോട് കള്ളം പറഞ്ഞതിനും കമ്പനി വിമർശനത്തിന് വിധേയമാണ്. അതോടൊപ്പം നിരവധി അഴിമതികളും പുറത്ത് വന്നത് ബാങ്കിന‍റെ പ്രതിഛായയെ മങ്ങലേൽപ്പിച്ചിട്ടുണ്ട്. 14 ബില്യൺ ഡോളറിന്റെ ബോണ്ട് ഇടപാട് കൈകാര്യം ചെയ്യുമ്പോൾ ഓസ്‌ട്രേലിയൻ സർക്കാരുമായി ഇടപെടുന്നതിൽ ASIC "മനസ്സാക്ഷിക്ക് വിരുദ്ധമായി" പ്രവർത്തിച്ചുവെന്നും ഏകദേശം രണ്ട് വർഷത്തിനിടെ പതിനായിരക്കണക്കിന് ഡോളർ പെരുപ്പിച്ച് കാണിച്ച് കൊണ്ട് ബോണ്ട് ട്രേഡിംഗ് ഡാറ്റ സർക്കാരിന് തെറ്റായി റിപ്പോർട്ട് ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടർന്ന് ബാങ്കിന് 240 മില്യൺ ഡോളർ ചരിത്രപരമായ പിഴ ചുമത്തിയിരുന്നു. പിഴ ഇതുവരെ ഫെഡറൽ കോടതി അംഗീകരിച്ചിട്ടില്ല. അതേസമയം ജീവനക്കാരെക്കാൾ ലാഭത്തിനാണ് ബാങ്ക് മുൻതൂക്കം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി ഫിനാൻസ് സെക്ടർ യൂണിയൻ പിരിച്ചുവിടലിനെ വിമർശിച്ചു.

SCROLL FOR NEXT