ABC News: Elise Pianegonda
Australian Capital Territory

ജീവിതച്ചെലവും പലിശഭാരവും; കാൻബറയിൽ ചെറുകിട ബിസിനസുകൾ കടുത്ത പ്രതിസന്ധിയിൽ

ഓസ്‌ട്രേലിയൻ തലസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് നിലവിൽ കാൻബറക്കാർ നൽകുന്നത്.

Elizabath Joseph

കാൻബറ: ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ (ACT) വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും ഉപഭോക്താക്കളുടെ കുറഞ്ഞ ക്രയശേഷിയും മൂലം ചെറുകിട ബിസിനസുകൾ കടുത്ത നിലനിൽപ്പ് ഭീഷണിയിലാണെന്ന് കാൻബറ ബിസിനസ് ചേംബർ (Canberra Business Chamber). തലസ്ഥാന നഗരത്തിലെ ബിസിനസ് അന്തരീക്ഷം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചേംബർ സിഇഒ ഗ്രെഗ് ഹാർഫോർഡ് വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില സർവകാല റെക്കോർഡിലെത്തിയതും, പണപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ഈ വർഷം നാലാം തവണയും പലിശനിരക്ക് ഉയർത്താൻ ഒരുങ്ങുന്നതുമാണ് വിപണിയെ തളർത്തുന്നത്.

ഓസ്‌ട്രേലിയൻ തലസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് നിലവിൽ കാൻബറക്കാർ നൽകുന്നത്. പലിശനിരക്കുകളും ഇന്ധനച്ചെലവും സാധാരണക്കാരുടെ വരുമാനം കവർന്നെടുത്തതോടെ ജനങ്ങൾ ചെലവുകൾ വെട്ടിച്ചുരുക്കുകയാണ്. ഇത് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, സേവന മേഖലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഹോസ്പിറ്റാലിറ്റി-റീട്ടെയിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന പോർട്ടബിൾ ലോംഗ് സർവീസ് ലീവ് ലെവിയും, എട്ട് ശതമാനത്തോളം ഉയർന്ന വാണിജ്യ പ്രോപ്പർട്ടി നിരക്കുകളും വ്യാപാരികളുടെ ഭാരം ഇരട്ടിയാക്കി. അതേസമയം, ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ വളർത്തുമൃഗങ്ങളെ തീറ്റിപ്പോറ്റാൻ പണമില്ലാതെ ആനിമൽ ഷെൽട്ടറുകളിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം കാൻബറയിൽ ഞെട്ടിപ്പിക്കുന്ന വിധം വർധിച്ചതായി ആർഎസ്പിസിഎ (RSPCA) വെളിപ്പെടുത്തി.

SCROLL FOR NEXT