ABC News: Matt Roberts
Australian Capital Territory

അടിയന്തര സേവനങ്ങൾക്ക് 94 മില്യൺ ഡോളർ അനുവദിച്ച് എ.സി.ടി സർക്കാർ; എണ്ണം തികയാതെ വീണ്ടും തർക്കം

ആംബുലൻസ് സർവീസിലേക്ക് 20 പാരാമെഡിക്സ്, ആറ് ഇന്റൻസീവ് കെയർ പാരാമെഡിക്സ് ഉൾപ്പെടെ 32 പുതിയ തസ്തികകളും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലേക്ക് 29 ഫയർ ഫൈറ്റർമാർ ഉൾപ്പെടെ 35 പുതിയ തസ്തികകളും സൃഷ്ടിക്കും.

Elizabath Joseph

കാൻബറ: കാൻബറയിലെ അടിയന്തര ആരോഗ്യ-സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനായി അടുത്ത നാല് വർഷത്തേക്ക് 94.3 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് എ.സി.ടി (ACT) സർക്കാർ. കഴിഞ്ഞ വർഷം ആംബുലൻസ് സർവീസുകളിൽ നടത്തിയ അവലോകനത്തിൽ ജീവനക്കാരുടെ കുറവും പ്രതികരണ സമയത്തിലെ താമസം ഉൾപ്പെടെയുള്ള പ്രതിസന്ധികളും കണ്ടെത്തിയതിനെത്തുടർന്നാണ് ഈ അടിയന്തിര നടപടി. ഈ പാക്കേജ് വഴി കൂടുതൽ പാരാമെഡിക്സ്, ഫയർ ഫൈറ്റർമാർ എന്നിവരെ നിയമിക്കുമെന്നും അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുമെന്നും സർക്കാർ അറിയിച്ചു.

പുതിയ പ്രഖ്യാപനപ്രകാരം ആംബുലൻസ് സർവീസിലേക്ക് 20 പാരാമെഡിക്സ്, ആറ് ഇന്റൻസീവ് കെയർ പാരാമെഡിക്സ് ഉൾപ്പെടെ 32 പുതിയ തസ്തികകളും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലേക്ക് 29 ഫയർ ഫൈറ്റർമാർ ഉൾപ്പെടെ 35 പുതിയ തസ്തികകളും സൃഷ്ടിക്കും. ഇതിനുപുറമെ, സിവികിൽ പുതിയ എ.സി.ടി പോലീസ് ആസ്ഥാനവും സിറ്റി പോലീസ് സ്റ്റേഷനും സംയുക്തമായി നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 3.8 മില്യൺ ഡോളറും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ 43 എമർജൻസി സർവീസ് വാഹനങ്ങൾ നവീകരിക്കാനും റേഡിയോ ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ ആധുനികരിക്കാനും ഈ തുക വിനിയോഗിക്കും.

എന്നാൽ, സർക്കാരിന്റെ ഈ സാമ്പത്തിക പാക്കേജ് കണ്ണില്‍ പൊടിയിടുവാന്‍ മാത്രമുള്ളതാണെന്നും ആരോപിച്ച് എമർജൻസി സർവീസ് ജീവനക്കാരുടെ യൂണിയൻ (TWU) രംഗത്തെത്തി. നിലവിലെ ഡ്യൂട്ടി റോസ്റ്റർ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും പുതിയ മൊലോങ്‌ലോ (Molonglo) സ്റ്റേഷൻ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാനും ചുരുങ്ങിയത് 140 പാരാമെഡിക്സിനെയെങ്കിലും ആവശ്യമുണ്ടെന്നും ഇപ്പോഴത്തെ പ്രഖ്യാപനം വഴി 50 ജീവനക്കാരുടെ കുറവ് വീണ്ടും അനുഭവപ്പെടുമെന്നും യൂണിയൻ ഓർഗനൈസർ ബെൻ സ്വീനി കുറ്റപ്പെടുത്തി. മതിയായ ജീവനക്കാരില്ലാതെ പുതിയ സ്റ്റേഷനുകൾ തുറക്കുന്നത് ഭാവിയിൽ അവ പൂട്ടുന്നതിലേക്ക് നയിക്കുമെന്നും കർഷകരുടെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കൃത്യമായ ലോങ് ടേം പ്ലാൻ തയ്യാറാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

SCROLL FOR NEXT