(Supplied: ACT government)
Australian Capital Territory

ലൈറ്റ് റെയിൽ വോഡനിലേക്ക്; നേരിട്ടുള്ള പാതയ്ക്ക് അംഗീകാരം, ഒൻപത് പുതിയ സ്റ്റോപ്പുകൾ വരുന്നു

ബാർട്ടൺ വഴി ചുറ്റിക്കറങ്ങുന്ന പാതയ്ക്ക് (Barton dog-leg) സമയനഷ്ടം ഉണ്ടാകുമെന്ന പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്താണ് ഈ തീരുമാനം.

Elizabath Joseph

കാമ്പെറ: കാമ്പെറയിലെ ലൈറ്റ് റെയിൽ ശൃംഖലയുടെ വിപുലീകരണത്തിന്റെ ഭാഗമായ സ്റ്റേജ് 2ബി (Stage 2B) പദ്ധതിയുടെ റൂട്ട് എസിടി സർക്കാർ സ്ഥിരീകരിച്ചു. കോമൺവെൽത്ത് പാർക്കിൽ നിന്ന് വോഡനിലേക്ക് സ്റ്റേറ്റ് സർക്കിൾ വഴിയുള്ള നേരിട്ടുള്ള പാതയാണ് സർക്കാർ തിരഞ്ഞെടുത്തത്. ബാർട്ടൺ വഴി ചുറ്റിക്കറങ്ങുന്ന പാതയ്ക്ക് സമയനഷ്ടം ഉണ്ടാകുമെന്ന പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായം കണക്കിലെടുത്താണ് ഈ തീരുമാനം.

പ്രത്യേകതകൾ:

പുതിയ പാത കോമൺവെൽത്ത് അവന്യൂവിൽ നിന്ന് തുടങ്ങി നാഷണൽ ട്രയാംഗിൾ വഴി സ്റ്റേറ്റ് സർക്കിൾ ഈസ്റ്റിലൂടെ അഡ്‌ലെയ്ഡ് അവന്യൂവിലേക്ക് പ്രവേശിച്ച് വോഡനിലെത്തും.

പദ്ധതിയുടെ ഭാഗമായി ഒൻപത് പുതിയ സ്റ്റോപ്പുകൾ നിർമ്മിക്കും.

സ്റ്റേറ്റ് സർക്കിളിലെ സ്റ്റോപ്പുകളിൽ നിന്ന് പ്രധാന ബിസിനസ് കേന്ദ്രങ്ങളിലേക്കും സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും 10 മിനിറ്റിൽ താഴെ സമയം കൊണ്ട് നടന്നെത്താൻ സാധിക്കും.

യാത്രാസമയം ലാഭിക്കാനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനും നേരിട്ടുള്ള പാത സഹായിക്കുമെന്ന് ഗതാഗത മന്ത്രി ക്രിസ് സ്റ്റീൽ പറഞ്ഞു. നാഷണൽ ക്യാപിറ്റൽ പ്ലാനിന് അനുസൃതമായ പാതയായതിനാൽ നിർമ്മാണത്തിനുള്ള അനുമതികൾ വേഗത്തിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ യാരലംലയിൽ (Yarralumla) നിർമ്മിക്കാൻ നിശ്ചയിച്ചിരുന്ന പവർ സബ്സ്റ്റേഷൻ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഡീക്കിനിലെ (Deakin) ഡെനിസൺ സ്ട്രീറ്റിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, പദ്ധതിയുടെ ആകെ ചിലവ് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തതിനെ പ്രതിപക്ഷം വിമർശിച്ചു. പദ്ധതിയുടെ ഫൈനൽ എൻവയോൺമെന്റൽ ഇംപാക്ട് സ്റ്റേറ്റ്‌മെന്റ് (EIS) ഈ വർഷം അവസാനത്തോടെ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറ്റിയിൽ നിന്ന് കോമൺവെൽത്ത് പാർക്ക് വരെയുള്ള സ്റ്റേജ് 2എ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകുകയും 2028-ഓടെ സർവീസ് ആരംഭിക്കുകയും ചെയ്യും.

SCROLL FOR NEXT