ABC News: Matthew Doran 
Australian Capital Territory

ക്യാൻബറയ്ക്ക് ബജറ്റ് കൈത്താങ്ങ്; പിയാലിഗോയിൽ പുതിയ ആർഎസ്പിസിഎ ക്ലിനിക്ക് വരുന്നു

മൃഗസംരക്ഷണത്തിന് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്

Elizabath Joseph

ചൊവ്വാഴ്ച രാത്രി അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ പിയാലിഗോയിൽ (Pialligo) അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ആർ.എസ്.പി.സി.എ (RSPCA) ക്ലിനിക്ക് നിർമ്മിക്കുന്നതിനായി 30 ദശലക്ഷം ഡോളർ അനുവദിച്ചു. വെസ്റ്റണിലുള്ള നിലവിലെ 40 വർഷത്തിലധികം പഴക്കമുള്ള കേന്ദ്രത്തിന് പകരമായാണ് ഈ പുതിയ ആനിമൽ വെൽഫെയർ ക്യാമ്പസ് നിർമ്മിക്കുന്നത്. മൃഗസംരക്ഷണ രംഗത്ത് ഇതൊരു വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നും ഉയർന്ന തോതിലുള്ള വന്ധ്യംകരണ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാകുമെന്നും ആർ.എസ്.പി.സി.എ എ.സി.ടി ചീഫ് എക്സിക്യൂട്ടീവ് മിഷേൽ റോബർട്ട്സൺ പറഞ്ഞു. എ.സി.ടി സർക്കാർ നേരത്തെ അനുവദിച്ച 2 ദശലക്ഷം ഡോളറിന് പുറമെയാണിത്.

മൃഗസംരക്ഷണത്തിന് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. വെസ്റ്റ് ബെൽകോണനിലെ (West Belconnen) വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് ഡ്രേക്ക് ബ്രോക്ക്മാൻ ഡ്രൈവ് ഇരട്ടിപ്പിക്കുന്നതിനായി 50 ദശലക്ഷം ഡോളർ അനുവദിച്ചു. ക്യാൻബറയിലെ സാംസ്കാരിക സ്ഥാപനങ്ങൾക്കും ബജറ്റിൽ വിഹിതമുണ്ട്; മുറ കൾച്ചറൽ പ്രിസിങ്ക്റ്റിനായി (Ngurra Cultural Precinct) 4 ദശലക്ഷം ഡോളറും മ്യൂസിയം ഓഫ് ഓസ്‌ട്രേലിയൻ ഡെമോക്രസിക്ക് 3 ദശലക്ഷം ഡോളറും ലഭിക്കും. കൂടാതെ, നാഷണൽ ഫിലിം ആൻഡ് സൗണ്ട് ആർക്കൈവിലെ നൈട്രേറ്റ് ഫിലിമുകൾ സംരക്ഷിക്കുന്നതിനായി മൂന്ന് വർഷത്തേക്ക് 10 ദശലക്ഷം ഡോളറും നീക്കിവെച്ചിട്ടുണ്ട്.

ഭവന നിർമ്മാണ മേഖലയ്ക്കായി അനുവദിച്ച അധിക ഫണ്ട് യുവാക്കൾക്കും അത്യാവശ്യ ജീവനക്കാർക്കും ഗുണകരമാകുമെന്ന് എ.സി.ടി ട്രഷറർ ക്രിസ് സ്റ്റീൽ അഭിപ്രായപ്പെട്ടു. സിഡ്‌നി-ക്യാൻബറ റെയിൽവേ ലൈനിനായി പ്രഖ്യാപിച്ച 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. അതേസമയം, ബജറ്റിൽ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം കുറവാണെന്നും സ്റ്റേഡിയം, കൺവെൻഷൻ സെന്റർ തുടങ്ങിയ വലിയ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചില്ലെന്നും സ്വതന്ത്ര സെനറ്റർ ഡേവിഡ് പോക്കോക്ക് വിമർശിച്ചു. എന്നാൽ പ്രായോഗികമായ വെല്ലുവിളികൾ കണക്കിലെടുത്ത് ഇത്തരം പദ്ധതികൾ ഘട്ടം ഘട്ടമായേ നടപ്പിലാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി ആൻഡ്രൂ ബാർ പ്രതികരിച്ചു.

SCROLL FOR NEXT