ABC News
Australian Capital Territory

മരണാനുമതി തേടിയുള്ള അപേക്ഷയിൽ ഭാഗിക വിജയം; എസിടി വോളന്ററി അസിസ്റ്റഡ് ഡൈയിങ് നിയമത്തിലെ ആദ്യ കേസ്

Elizabath Joseph

കാൻബെറ: ഓസ്‌ട്രേലിയൻ കാപിറ്റൽ ടെറിട്ടറിയിൽ (ACT) പുതുതായി നിലവിൽ വന്ന കാരുണ്യവധ നിയമപ്രകാരം ജീവനൊടുക്കാൻ അനുമതി തേടിയ വ്യക്തിക്ക് ട്രൈബ്യൂണലിൽ ഭാഗിക വിജയം. അപേക്ഷകന് സ്വന്തം നിലയിൽ തീരുമാനമെടുക്കാനുള്ള മാനസിക ശേഷിയുണ്ടെന്ന് എസിടി സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധിപ്പിച്ചു. എന്നാൽ, ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കാരുണ്യവധത്തിനുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. 2025 നവംബറിൽ പ്രാബല്യത്തിൽ വന്ന 'വോളന്ററി അസിസ്റ്റഡ് ഡൈയിങ് ആക്ട് 2024' പ്രകാരം അപേക്ഷ നിരസിക്കപ്പെടുന്നവർക്ക് അത് ചോദ്യം ചെയ്യാനുള്ള ആദ്യ നിയമപരീക്ഷണങ്ങളിലൊന്നാണ് ഈ കേസ്.

അതീവ ഗുരുതരമായ ക്രോണിക് പെയിൻ സിൻഡ്രോം ബാധിതനായ തനിക്ക് രോഗം വഷളായി മരണം സംഭവിക്കുമെന്നും അതിനാൽ ജീവനൊടുക്കാൻ അനുമതി വേണമെന്നുമാണ് നിയമപരമായ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത ഈ വ്യക്തി ആവശ്യപ്പെട്ടത്. എന്നാൽ ഇദ്ദേഹത്തെ പരിശോധിച്ച കോർഡിനേറ്റിങ് മെഡിക്കൽ പ്രാക്ടീഷണർ അപേക്ഷ നിരസിക്കുകയായിരുന്നു. രോഗം മരണകാരണമാകാൻ സാധ്യതയുള്ള ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും, സ്വയം തീരുമാനമെടുക്കാനുള്ള മാനസികാവസ്ഥ രോഗിക്ക് ഉണ്ടോ എന്ന് വ്യക്തമല്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നിരസിക്കൽ. ഇതിനെതിരെയാണ് രോഗി ട്രൈബ്യൂണലിനെ സമീപിച്ചത്. രണ്ട് തവണ വാദം കേട്ട ട്രൈബ്യൂണൽ രോഗിക്ക് തീരുമാനമെടുക്കാൻ പൂർണ്ണ മാനസിക ശേഷിയുണ്ടെന്ന് വിധിച്ചെങ്കിലും, ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ വിലയിരുത്തലുകളിൽ മാറ്റം വരുത്താൻ തങ്ങൾക്ക് നിയമപരമായ അധികാരമില്ലെന്ന് വ്യക്തമാക്കി. ഇതോടെ രോഗിക്ക് പുതിയൊരു ഡോക്ടറെ സമീപിച്ച് വീണ്ടും അപേക്ഷ നൽകാനോ, അല്ലെങ്കിൽ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി എസിടി സുപ്രീം കോടതിയെ സമീപിക്കാനോ ഉള്ള അവസരമാണുള്ളത്.

SCROLL FOR NEXT