James Baltz/ unsplash
Australia

ഓസ്‌ട്രേലിയ വളം ഇറക്കുമതിക്കായി ഇന്തോനേഷ്യയെ സമീപിക്കുന്നു; ആഗോള ക്ഷാമം രൂക്ഷം

സ്വന്തം രാജ്യത്തെ ആവശ്യങ്ങൾ കഴിഞ്ഞാൽ ഏകദേശം 1.5 ദശലക്ഷം ടൺ യൂറിയ കയറ്റുമതി ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി.

Elizabath Joseph

ആഗോളതലത്തിൽ വളത്തിന്റെ ലഭ്യതയിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽ ഇന്തോനേഷ്യയിൽ നിന്ന് യൂറിയ (Urea) ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയ ആലോചിക്കുന്നു. ഇന്തോനേഷ്യൻ കൃഷി സഹമന്ത്രി സുദര്യോണോയും ഓസ്‌ട്രേലിയൻ അംബാസഡർ റോഡറിക് ബ്രസിയറും തമ്മിൽ ജക്കാർത്തയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചത് ആഗോള വളം വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ വളം വിതരണത്തിന്റെ മൂന്നിലൊന്ന് ഈ പാതയിലൂടെയാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്വന്തമായി യൂറിയ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇന്തോനേഷ്യയെ ഓസ്‌ട്രേലിയ സമീപിച്ചത്. നിലവിൽ പ്രതിവർഷം 9.4 ദശലക്ഷം ടൺ യൂറിയ ഉത്പാദിപ്പിക്കാൻ ഇന്തോനേഷ്യയ്ക്ക് കഴിവുണ്ട്. സ്വന്തം രാജ്യത്തെ ആവശ്യങ്ങൾ കഴിഞ്ഞാൽ ഏകദേശം 1.5 ദശലക്ഷം ടൺ യൂറിയ കയറ്റുമതി ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്ക്ക് പുറമെ ഇന്ത്യ, ഫിലിപ്പീൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളും ഇന്തോനേഷ്യയിൽ നിന്ന് വളം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾക്കാണ് മുൻഗണനയെന്ന് ഇന്തോനേഷ്യൻ മന്ത്രി അറിയിച്ചു. പകരം ഓസ്‌ട്രേലിയയിൽ നിന്ന് ഫോസ്ഫേറ്റ് പോലുള്ള അസംസ്‌കൃത വസ്തുക്കൾ ഇന്തോനേഷ്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ഓസ്‌ട്രേലിയയിലെ വളം പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT