ഓസ്ട്രേലിയ Arvin Wiyono/ Unsplash
Australia

ഓസ്ട്രേലിയ: താൽക്കാലിക റെസിഡൻസ് ട്രാൻസിഷൻ വിസ നിയമങ്ങളിൽ ഭേദഗതി

Skills in Demand (SID) വിസ ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ബാധകമായതാണ് ഈ ഭേദഗതി.

Elizabath Joseph

ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കുന്ന ടെംപററി റെസിഡൻസ് ട്രാൻസിഷൻ (TRT) വിസ ചട്ടങ്ങളിൽ മാറ്റം വരുത്തി. നിലവിലെ തൊഴിലുടമയുടെ നാമനിർദേശത്തിൽ ഓസ്ട്രേലിയയിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അവസരം നൽകുന്ന ഈ വിസയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ 2025 നവംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു.

Migration Amendment (Skilled Visa Reform Technical Measures) Regulations 2025 പ്രകാരം, സബ്ക്ലാസ് 186 വിസയുടെ ടിആർടി സ്ട്രീമിന് അപേക്ഷിക്കുന്നവർ നിർബന്ധമായും അംഗീകൃത സ്പോൺസറുടെ കീഴിൽ ആവശ്യമായ ജോലി പരിചയം പൂർത്തിയാക്കിയിരിക്കണം. Skills in Demand (SID) വിസ ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ബാധകമായതാണ് ഈ ഭേദഗതി.

ടിആർടി വിസയ്ക്ക് അർഹരാകാൻ അപേക്ഷകർ Subclass 457, 482 അല്ലെങ്കിൽ അർഹമായ ബ്രിഡ്ജിംഗ് വിസ കൈവശം വച്ചിരിക്കണം. കൂടാതെ, Subclass 457 അല്ലെങ്കിൽ 482 വിസയിൽ കുറഞ്ഞത് രണ്ട് വർഷം പൂർണകാലമായി സ്പോൺസർ ചെയ്ത ജോലിയിൽ പ്രവർത്തിച്ചിരിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ആറുമാസത്തിനുള്ളിൽ അംഗീകൃതമായ ഓസ്ട്രേലിയൻ തൊഴിലുടമയുടെ നാമനിർദേശവും ആവശ്യമാണ്.

Skills in Demand (SID) Subclass 482 വിസ കൈവശമുള്ളവർ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് വർഷം ആ വിസയിൽ ഉണ്ടായിരുന്നുവെന്നും നിശ്ചിത തൊഴിൽ മേഖലയിൽ രണ്ട് വർഷത്തെ പൂർണകാല ജോലി പരിചയം പൂർത്തിയാക്കിയിട്ടുണ്ടെന്നും തെളിയിച്ചാൽ സ്ഥിരതാമസത്തിന് അർഹരാകും.

2024 ഡിസംബർ മുതൽ, 482 (SID) വിസ കൈവശമുള്ളവർ നിലവിലെ സ്പോൺസറെ വിട്ട് ആറ് മാസത്തേക്ക് മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു. ഈ കാലയളവിലെ ജോലി ടിആർടി വിസയുടെ ജോലി പരിചയമായി കണക്കാക്കാമെന്നും പറയുന്നു

എന്നാൽ 2025 നവംബർ 29 മുതൽ, ടിആർടി സ്ട്രീമിന് ആവശ്യമായ ജോലി പരിചയം അംഗീകൃത സ്പോൺസറുടെ കീഴിൽ നടത്തിയ ജോലിക്ക് മാത്രമായി പരിമിതപ്പെടുത്തി. അതിനാൽ, ഈ തീയതിക്ക് ശേഷം 482 (SID) വിസധാരികളെ ടിആർടി സ്ട്രീം വഴി Subclass 186 വിസയ്ക്ക് സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്ന തൊഴിലുടമകൾ അപേക്ഷകന്റെ ജോലി ചരിത്രം സൂക്ഷ്മമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

SCROLL FOR NEXT