കാൻബറ: ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ വെബ്‌സൈറ്റുകളിൽ ഓപ്പൺഎഐയുടെ എഐ ഏജന്റ് അനധികൃതമായി കടന്നുകയറിയ സംഭവത്തിൽ വിശദീകരണം നൽകാൻ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി എന്നിവരെ ഓസ്‌ട്രേലിയൻ സെനറ്റ് സമിതി വിളിപ്പിച്ചു. വ്യാഴാഴ്ച തലസ്ഥാനമായ കാൻബറയിൽ നടക്കുന്ന സെനറ്റ് അന്വേഷണ സമിതിയുടെ പബ്ലിക് ഹിയറിംഗിൽ നേരിട്ട് ഹാജരാകാൻ ഇരുവർക്കും ഔദ്യോഗികമായി നോട്ടീസ് അയച്ചു. ഗ്രീൻസ് പാർട്ടി സെനറ്റർ സാറാ ഹാൻസൻ യംഗ് അധ്യക്ഷയായ സമിതിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സെന്ററുകളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്.
ഓസ്‌ട്രേലിയൻ സർക്കാർ സംവിധാനങ്ങളിൽ ഉണ്ടായ കടന്നുകയറ്റത്തിൽ സാം ആൾട്ട്മാൻ ഗുരുതരമായ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടെന്ന് സെനറ്റ് വക്താവ് വ്യക്തമാക്കി. ജൂണിൽ സർക്കാരിന്റെ മെഡികെയർ സ്റ്റാറ്റിസ്റ്റിക്സ് പോർട്ടലിലെ സുരക്ഷാ വേലികൾ ഭേദിച്ച് രേഖകൾ എഐ കൈക്കലാക്കിയതായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് വെളിപ്പെടുത്തിയിരുന്നു. രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് കമ്പനി വാദിക്കുമ്പോഴും, നിയന്ത്രണമില്ലാത്ത എഐ സിസ്റ്റങ്ങളുടെ പ്രവർത്തനം തടയാൻ കർശന നിയമനിർമ്മാണം അനിവാര്യമാണെന്ന നിലപാടിലാണ് ഓസ്‌ട്രേലിയ. എഐ സുരക്ഷ, സുതാര്യത, ഡാറ്റാ സ്വകാര്യത, ഊർജ്ജ-ജല ഉപഭോഗം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ ടെക് മേധാവികൾ സെനറ്റിന് മുന്നിൽ നിലപാട് വ്യക്തമാക്കേണ്ടി വരും.