Australia  Srikant Sahoo, Unsplash
Australia

ഓസ്‌ട്രേലിയയിൽ വീസ നിബന്ധനകൾ കർശനമാക്കി; ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ

പൊതുജന സുരക്ഷ, വർഗീയ-വിദ്വേഷ പ്രസംഗങ്ങൾ, അക്രമ പ്രേരണകൾ, ഗാർഹിക പീഡനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകും.

Elizabath Joseph

കാൻബറ: മോശം സ്വഭാവവും പെരുമാറ്റദൂഷ്യവും ഉള്ള വിദേശ പൗരന്മാരുടെ വീസ അപേക്ഷകൾ നിരസിക്കുന്നതിലും നിലവിലുള്ള വീസകൾ റദ്ദാക്കുന്നതിലും ഒക്ടോബർ 31 മുതൽ കൂടുതൽ കർശന നടപടികളിലേക്ക് ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പ്. പൊതുജന സുരക്ഷ, വർഗീയ-വിദ്വേഷ പ്രസംഗങ്ങൾ, അക്രമ പ്രേരണകൾ, ഗാർഹിക പീഡനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകും. ഇത്തരം കേസുകൾ പരിഗണിക്കുമ്പോൾ വ്യക്തികൾക്ക് ഓസ്‌ട്രേലിയയിലുള്ള കുടുംബബന്ധങ്ങൾക്കോ മറ്റ് സ്വാധീനങ്ങൾക്കോ മുൻഗണന നൽകില്ലെന്ന് പുതിയ മാർഗ്ഗരേഖ വ്യക്തമാക്കുന്നു.

പ്രമുഖ ഇമിഗ്രേഷൻ സ്ഥാപനമായ ഫ്രാഗോമൻ (Fragomen) റിപ്പോർട്ട് പ്രകാരം, വിദേശ പൗരന്മാരുടെ നടപടികൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ടോ എന്നതിനായിരിക്കും ഉദ്യോഗസ്ഥർ പ്രാഥമിക പരിഗണന നൽകുക. വീസ റദ്ദാക്കുന്നത് വ്യക്തികളെയോ അവരുടെ ബിസിനസിനെയോ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിന് ഇനി വലിയ പ്രാധാന്യമുണ്ടാകില്ല. വർഗീയ സ്പർദ്ധ വളർത്തുന്ന പ്രസ്താവനകൾ, ഹേറ്റ് സ്പീച്ച്, അക്രമത്തിനുള്ള ആഹ്വാനങ്ങൾ, തീവ്രവാദ നിലപാടുകൾ, ഗുരുതരമായ മയക്കുമരുന്ന്-സ്വത്ത് തർക്ക കുറ്റകൃത്യങ്ങൾ എന്നിവ വീസ ക്യാൻസലേഷനിലേക്ക് നയിക്കും.

ഗാർഹിക-കുടുംബ പീഡനക്കേസുകളിലും ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് പ്രത്യേക ഊന്നൽ നൽകും. കുട്ടികളുടെ ക്ഷേമത്തിന് വിഘാതമാകുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ അതീവ ഗൗരവത്തോടെ കാണും. ഒപ്പം ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിക്കാതിരിക്കുകയോ വിസ നിബന്ധനകൾ ലംഘിക്കുകയോ ചെയ്യുന്നവരെ നാടുകടത്താനും പുതിയ ചട്ടക്കൂട് മുൻഗണന നൽകുന്നു. ഓസ്‌ട്രേലിയയിൽ തുടരുന്നതിനും പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഓരോ അപേക്ഷകന്റെയും സ്വഭാവ സാക്ഷ്യപത്രങ്ങൾ (Character requirements) കൂടുതൽ കർശനമായി പരിശോധിക്കപ്പെടുമെന്ന് ഹോം അഫയേഴ്സ് വകുപ്പ് വ്യക്തമാക്കി.

SCROLL FOR NEXT