16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കുന്ന ഓസ്‌ട്രേലിയയുടെ നടപടിക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് ബുധനാഴ്ച പറഞ്ഞു. "ഇത് ഞങ്ങളുടെ തീരുമാനമല്ല — ഓസ്‌ട്രേലിയൻ നിയമം ആവശ്യപ്പെടുന്നതാണ്," നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ X പ്രസ്താവനയിൽ വ്യക്തമാക്കി.
മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്‌സ്, ഓസ്‌ട്രേലിയയുടെ നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കിയ 10 നിയന്ത്രിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവസാനത്തേതായിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, ടിക്‌ടോക്ക് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളും ഇപ്പോൾ 16 വയസിന് താഴെയുള്ള ഉപയോക്താക്കളെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ സമ്മതിച്ചിരിക്കുകയാണ്.
നിയമം പാലിക്കാത്ത പക്ഷം 16 വയസിന് താഴെയുള്ള ഓസ്‌ട്രേലിയൻ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ കമ്പനികൾക്ക് 33 മില്യൺ യുഎസ് ഡോളർ വരെ പിഴ ചുമത്തും. "പ്രെഡേറ്ററി ആൽഗോരിതങ്ങൾ" കുട്ടികളുടെ ഫോണുകളിൽ ബുള്ളിയിംഗ്, ലൈംഗിക ഉള്ളടക്കം, അതിക്രമം എന്നിവ നിറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സംരക്ഷിക്കാൻ ഇത്രയും കർശനമായ നടപടികൾ അനിവാര്യമാണെന്ന് ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.