ശുഭപ്രതീക്ഷയോടെ ഓസ്‌ട്രേലിയൻ സ്കീ റിസോർട്ടുകൾ ABC News: Sarah Krieg
Australia

കാലാവസ്ഥാ വെല്ലുവിളികളെ മറികടക്കാൻ കൃത്രിമ മഞ്ഞ്; ശുഭപ്രതീക്ഷയോടെ ഓസ്‌ട്രേലിയൻ സ്കീ റിസോർട്ടുകൾ

വിക്ടോറിയയിലെ ആൽപൈൻ റിസോർട്ടുകൾ പ്രതിവർഷം 2 ബില്യൺ ഡോളറിലധികം സാമ്പത്തിക വരുമാനം ഉണ്ടാക്കുകയും 12,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയയിൽ ഇത്തവണ കടുത്ത ചൂടുള്ള ശീതകാലമായിരിക്കുമെന്നും എൽ നിന്യോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നുമുള്ള ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് സ്കീ റിസോർട്ടുകളെ ഒട്ടും ബാധിച്ചിട്ടില്ല. കിങ്സ് ബർത്ത്ഡേ ലോങ് വീക്കെൻഡിൽ ആരംഭിക്കുന്ന സീസണായി കഴിഞ്ഞ എട്ട് മാസമായി റിസോർട്ടുകൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സ്വാഭാവിക മഞ്ഞുവീഴ്ച കുറഞ്ഞാലും സഞ്ചാരികളെ ആകർഷിക്കാൻ അത്യാധുനിക 'സ്നോ ഫാക്ടറികളും' മഞ്ഞ് നിർമ്മാണ യന്ത്രങ്ങളും ആഴ്ചകളായി ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ആൽപൈൻ റിസോർട്ട്സ് വിക്ടോറിയ ജനറൽ മാനേജർ അലൻ ആർതർ പറഞ്ഞു. സീസൺ നിലനിർത്താൻ രണ്ടോ മൂന്നോ തവണത്തെ മികച്ച സ്വാഭാവിക മഞ്ഞുവീഴ്ച മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശീതകാലത്ത് ആൽപൈൻ മേഖലകളിൽ ശരാശരിയേക്കാൾ കുറഞ്ഞ മഴയ്ക്കാണ് സാധ്യതയെങ്കിലും, അന്റാർട്ടിക്കിൽ നിന്നുള്ള തണുത്ത ശീതക്കാറ്റ് മൂലം പെട്ടെന്നുണ്ടാകുന്ന ഹ്രസ്വകാല കാലാവസ്ഥാ വ്യതിയാനങ്ങൾ വൻ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകാമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഫോർവേഡ് ബുക്കിംഗുകളിൽ ഇടിവുണ്ടായിട്ടില്ലെന്നും തങ്ങളുടെ റിസോർട്ടുകളിലെ മുറികളും റെസ്റ്റോറന്റുകളും ഇതിനകം തന്നെ സജീവമാണെന്നും ഫാൾസ് ക്രീക്ക് ബിസിനസ് ചേംബർ പ്രസിഡന്റ് മിഷേൽ ലവൽ വ്യക്തമാക്കി. വിക്ടോറിയയിലെ ആൽപൈൻ റിസോർട്ടുകൾ പ്രതിവർഷം 2 ബില്യൺ ഡോളറിലധികം സാമ്പത്തിക വരുമാനം ഉണ്ടാക്കുകയും 12,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ഇറ്റലിയിൽ നടന്ന മിലാനോ കോർട്ടിന വിന്റർ ഒളിമ്പിക്സിൽ (Milano Cortina Winter Olympics) ഓസ്‌ട്രേലിയൻ താരങ്ങൾ കൈവരിച്ച വൻ വിജയവും ഇത്തവണ സ്കീയിങ് പ്രേമികളെ മലനിരകളിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. ജിൻഡാബൈൻ സ്വദേശിയായ ജോസി ബാഫ് സ്നോബോർഡ് ക്രോസിൽ സ്വർണം നേടിയതും, മൗണ്ട് ബുള്ളറിൽ വളർന്ന ജക്കാരാ ആന്റണി സ്വർണം നിലനിർത്തിയതും യുവാക്കൾക്കിടയിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ഒളിമ്പിക്സ് താരങ്ങളെ ആദരിക്കുന്നതിനായി മൗണ്ട് ബുള്ളറിൽ ജൂലൈ മാസം പ്രത്യേക ആഘോഷങ്ങളും റിസോർട്ട് അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്.

SCROLL FOR NEXT