Alex Antic AAP: Mick Tsikas
Australia

പക്ഷപ്പനി വാക്സിൻ കമ്പനികളുടെ ഗൂഢാലോചനയെന്ന് ലിബറൽ സെനറ്റർ; 'അപകടകരമായ പരാമർശമെന്ന്' ആക്ഷേപം

വെസ്റ്റേൺ ഓസ്‌ട്രേലിയൻ തീരത്തും തുടർന്ന് സൗത്ത് ഓസ്‌ട്രേലിയയിലും കുടിയേറ്റ പക്ഷികളിൽ പക്ഷപ്പനി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സെനറ്റിൽ ചൊവ്വാഴ്ച അദ്ദേഹം ഈ വിവാദ പരാമർശം നടത്തിയത്.

Elizabath Joseph

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയൻ തീരങ്ങളിൽ അതീവ മാരകമായ എച്ച്5എൻ1 പക്ഷപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ, ഇത് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് തങ്ങളുടെ വാക്സിനുകൾ വിറ്റഴിക്കാനുള്ള 'അപകടകരമായ പിആർ തന്ത്രം' മാത്രമാണെന്ന് പരിഹസിച്ച ലിബറൽ പാർട്ടി സെനറ്റർ അലക്സ് ആന്റിക്കിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. വെസ്റ്റേൺ ഓസ്‌ട്രേലിയൻ തീരത്തും തുടർന്ന് സൗത്ത് ഓസ്‌ട്രേലിയയിലും കുടിയേറ്റ പക്ഷികളിൽ പക്ഷപ്പനി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സെനറ്റിൽ ചൊവ്വാഴ്ച അദ്ദേഹം ഈ വിവാദ പരാമർശം നടത്തിയത്.

"മഞ്ഞുകാലം അടുക്കുമ്പോൾ വാക്സിൻ എടുക്കാൻ ജനങ്ങളെ നിർബന്ധിക്കാനുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മണിമുഴക്കം പോലെയാണ് ഈ പക്ഷികൾ. ജലദോഷം പിടിച്ച രണ്ട് പക്ഷികളെ കണ്ടെത്തി എന്ന് പറഞ്ഞാണ് കമ്പനികൾ ഇപ്പോൾ തങ്ങളുടെ വിപണി കണ്ടെത്തുന്നത്. സ്വയം സുരക്ഷിതരാകൂ, മുത്തശ്ശിയെ സംരക്ഷിക്കൂ എന്നൊക്കെ പറഞ്ഞ് മുൻപ് കമ്പനികൾ നടത്തിയ അതേ പൊതുജനസമ്പർക്ക തന്ത്രം തന്നെയാണ് ഇപ്പോഴും നടക്കുന്നത്," എന്ന് അലക്സ് ആന്റിക് സെനറ്റിൽ പറഞ്ഞു.

ഭരണപക്ഷവും സ്വന്തം പാർട്ടിയും ഒരുപോലെ തള്ളി:

അലക്സ് ആന്റിക്കിന്റെ ഈ വാദങ്ങൾ തീർത്തും 'അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന്' കേന്ദ്ര ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ പാർലമെന്റിൽ തുറന്നടിച്ചു. വാക്സിനേഷനെക്കുറിച്ച് തെറ്റായ ധാരണകൾ പരത്തുന്നതിനൊപ്പം രാജ്യത്തെ സുപ്രധാനമായ പൗൾട്രി-കാർഷിക മേഖലകൾക്ക് പക്ഷപ്പനി ഉണ്ടാക്കാൻ പോകുന്ന വൻ വിപത്തിനെ സെനറ്റർ നിസ്സാരവൽക്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലിബറൽ പാർട്ടിയുടെ സൗത്ത് ഓസ്‌ട്രേലിയൻ വിഭാഗം നേതാവ് ആഷ്ടൺ ഹേണും ഈ പ്രസ്താവനയെ പൂർണ്ണമായി തള്ളിപ്പറഞ്ഞു. ആന്റിക്കിന്റെ അഭിപ്രായങ്ങളെ താൻ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നും, ആഗോളതലത്തിൽ പക്ഷപ്പനി ഉണ്ടാക്കിയ നാശനഷ്ടങ്ങൾ നോക്കിയാൽ ഇത് എത്രത്തോളം ഗുരുതരമായ വിഷയമാണെന്ന് മനസ്സിലാകുമെന്നും അവർ വ്യക്തമാക്കി. വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിലെ പാർട്ടി പൊതുയോഗത്തിൽ സൗത്ത് ഓസ്‌ട്രേലിയൻ ലിബറൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന വ്യക്തിയാണ് അലക്സ് ആന്റിക് എന്നത് ശ്രദ്ധേയമാണ്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തേക്ക് വരാൻ പോകുന്ന ഒരാളാണ് ഇത്തരം ശാസ്ത്രവിരുദ്ധമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മലിനാസ്കസ് ആശങ്ക പ്രകടിപ്പിച്ചു.

സൗത്ത് ഓസ്‌ട്രേലിയൻ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ നികോള സ്പൂരിയർ പൊതുജനങ്ങൾ കൃത്യമായി വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വാക്സിനുകൾ സുരക്ഷിതമാണെന്നും രോഗവ്യാപനം തടയാൻ ഇവ അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. എന്നാൽ ഈ വിവാദങ്ങളെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് തികച്ചും പരിഹാസ രൂപേണയാണ് സെനറ്റർ അലക്സ് ആന്റിക് മറുപടി നൽകിയത്.

SCROLL FOR NEXT