സേർച് എഞ്ചിനുകളിൽ അശ്ലീല ചിത്രങ്ങളുടെ ഫലങ്ങൾ ഇനി മങ്ങിയ രൂപത്തിൽ sarah b/ Unsplash
Australia

ഓസ്‌ട്രേലിയയിൽ സേർച് എഞ്ചിനുകളിൽ അശ്ലീല ചിത്രങ്ങളുടെ ഫലങ്ങൾ ഇനി മങ്ങിയ രൂപത്തിൽ

കുട്ടികളെ അപ്രതീക്ഷിതമായ അശ്ലീല ഉള്ളടക്കങ്ങളിൽ നിന്നു സംരക്ഷിക്കുകയാണ് ലക്ഷ്യം.

Elizabath Joseph

കുട്ടികളെ അപ്രതീക്ഷിതമായ അശ്ലീല ഉള്ളടക്കങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനായി, ഓസ്‌ട്രേലിയയിൽ സേർച് എഞ്ചിനുകൾ അശ്ലീല ചിത്രങ്ങൾ മങ്ങിയ (blurred) രൂപത്തിൽ മാത്രം കാണിക്കേണ്ടതായ നിയമം ഉടൻ നിലവിൽ വരും.

അശ്ലീലം, ഉയർന്ന ആഘാതമുണ്ടാക്കുന്ന അക്രമം, സ്വയം ഉപദ്രവിക്കൽ, ആത്മഹത്യ അല്ലെങ്കിൽ ക്രമരഹിതമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം തുടങ്ങിയ പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഓൺലൈൻ സേവനങ്ങൾ ആവശ്യപ്പെടുന്ന പ്രായപരിധി നിശ്ചയിച്ച മെറ്റീരിയൽ കോഡുകളുടെ ആദ്യ ഘട്ടം ഡിസംബർ 27 മുതൽ പ്രാബല്യത്തിൽ വരും. ഗൂഗിൾ, ബിംഗ് പോലുള്ള സെർച്ച് എഞ്ചിനുകൾക്കും ആപ്പ് സ്റ്റോറുകൾ, സോഷ്യൽ മീഡിയ സേവനങ്ങൾ, ഓൺലൈൻ പോണോഗ്രാഫി സേവനങ്ങൾ, ജനറേറ്റീവ് എഐ സേവനങ്ങൾ എന്നിവയ്ക്കും അവ ബാധകമാകും.

2022-ൽ ഇസേഫ്റ്റി നടത്തിയ പഠനമനുസരിച്ച്, ഓസ്‌ട്രേലിയയിലെ ഓരോ മൂന്നു കുട്ടികളിൽ ഒരാൾ 13 വയസ്സിന് മുമ്പേ തന്നെ അശ്ലീല ഉള്ളടക്കം കാണുന്നുണ്ട്. ഇവയിൽ പലതും അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. 16 മുതൽ 18 വയസ്സുവരെയുള്ള ആയിരത്തിലധികം കൗമാരക്കാരെ ഉൾപ്പെടുത്തി നടത്തിയ സർവെയിൽ, ഇത്തരം അനുഭവങ്ങൾ “തുടർച്ചയായതും, ഒഴിവാക്കാനാകാത്തതും, അനിഷ്ടകരവുമാണെന്ന്” കണ്ടെത്തി. ചിലർ അതിനെ “അസ്വസ്ഥമാക്കുന്ന” അനുഭവമായി വിശേഷിപ്പിച്ചു.

ഓസ്‌ട്രേലിയക്കാർ ചെറുപ്പത്തിൽ തന്നെ പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം കൂടുതലായി നേരിടുന്നുണ്ടെന്ന് ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പറഞ്ഞു. പോൺ ചിത്രങ്ങൾ മങ്ങിയ രൂപത്തിൽ പ്രദർശിപ്പിക്കുന്നത് ഗൂഗിളിലും ബിംഗിലും നിലവിലുള്ള ‘സേഫ് സേർച്’ സംവിധാനത്തെപ്പോലെ തന്നെയാണെന്നും, ആഗ്രഹിക്കുന്ന മുതിർന്നവർക്ക് ക്ലിക്ക് ചെയ്ത് കാണാൻ സാധിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

സ്വയംഹാനി, ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട തിരച്ചിലുകൾ നടത്തുമ്പോൾ നേരിട്ടു മാനസികാരോഗ്യ വിദഗ്ധരിലേക്ക് വഴിതിരിച്ചുവിടുക എന്നതും നിയമത്തിലെ ഏറ്റവും പ്രധാനമായ ഭാഗമാണെന്ന് അവർ പറഞ്ഞു.

SCROLL FOR NEXT