ABC News: Nicholas McElroy
Australia

സമുദ്രനിരപ്പ് ഉയരുന്നു; ഓസ്‌ട്രേലിയയിൽ 2.5 ലക്ഷത്തിലധികം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.67 ലക്ഷത്തിലധികം തീരദേശ വീടുകളെയും 20 ലക്ഷം ഹെക്ടർ ഭൂമിയെയും വെള്ളപ്പൊക്കം വിഴുങ്ങുമെന്നും, ഇതുവഴി 855 ബില്യൺ ഡോളറിലധികം നഷ്ടം നേരിടേണ്ടി വരുമെന്നും പുതിയ പഠനം

Elizabath Joseph

മെൽബൺ: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം സമുദ്രനിരപ്പ് ഉയരുന്നതോടെ ഓസ്‌ട്രേലിയ വൻ സാമ്പത്തിക ദുരന്തത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.67 ലക്ഷത്തിലധികം തീരദേശ വീടുകളെയും 20 ലക്ഷം ഹെക്ടർ ഭൂമിയെയും വെള്ളപ്പൊക്കം വിഴുങ്ങുമെന്നും, ഇതുവഴി രാജ്യം 855 ബില്യൺ ഡോളറിലധികം (ഏകദേശം 47 ലക്ഷം കോടിയിലധികം രൂപ) നഷ്ടം നേരിടേണ്ടി വരുമെന്നും പുതിയ ദേശീയ പഠനം വ്യക്തമാക്കുന്നു. മെൽബൺ സർവകലാശാല, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, ഗ്ലോബൽ എൻവയോൺമെന്റൽ ആൻഡ് ഇക്കണോമിക് മോഡലിംഗ് എന്നിവ സംയുക്തമായി നടത്തിയതാണ് ഈ സമഗ്ര പഠനം.

മൊത്തം നഷ്ടത്തിൽ 274 ബില്യൺ ഡോളർ വീടുകൾക്കും കെട്ടിടങ്ങൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങളും 580 ബില്യൺ ഡോളർ കൃഷി-പാർപ്പിട ഭൂമിയുടെ തകർച്ചയുമായിരിക്കും. ക്വീൻസ്‌ലൻഡിൽ മാത്രം 93,000 വീടുകൾ വെള്ളത്തിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്. നഗരങ്ങളിൽ ഏറ്റവും വലിയ ആഘാതം നേരിടുക ഗോൾഡ് കോസ്റ്റായിരിക്കും (84.4 ബില്യൺ ഡോളറിന്റെ നഷ്ടം). സമുദ്രനിരപ്പ് 10 സെന്റിമീറ്റർ ഉയരുമ്പോൾ തന്നെ 'നൂറ്റാണ്ടിലൊരിക്കൽ' ഉണ്ടാകുന്ന തീവ്ര വെള്ളപ്പൊക്കങ്ങളുടെ എണ്ണം മൂന്നിരട്ടിയാകുമെന്ന് ക്ലൈമറ്റ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. സമുദ്രം കരയിലേക്ക് കയറുന്നതിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ, ഈ കനത്ത സാമ്പത്തിക ഭാരം സാധാരണക്കാരോ അതോ സർക്കാരുകളോ വഹിക്കേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്.

SCROLL FOR NEXT