office Luca Bravo/ Unsplash
Australia

ജോലി കഴിഞ്ഞാൽ ബോസിന്റെ കോൾ എടുക്കണോ? ഓസ്‌ട്രേലിയയിലെ 'റൈറ്റ് ടു ഡിസ്‌കണക്റ്റ്' നിയമം അറിയാം

ഫെയർ വർക്ക് കമ്മീഷന്റെ ഉത്തരവുകൾ ലംഘിക്കുന്ന ജീവനക്കാരന് 19,000 ഓസ്‌ട്രേലിയൻ ഡോളർ വരെയും കമ്പനികൾക്ക് 94,000 ഡോളർ വരെയും പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

Elizabath Joseph

മെൽബൺ: വൈകുന്നേരം 4 മണിക്ക് നിങ്ങൾ ഓഫീസിൽ നിന്നും ഇറങ്ങി. കുട്ടിയെയും കൂട്ടി പുറത്തുപോകാനായി കാറിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോഴാണ് ഫോൺ അടിക്കുന്നത്; സ്ക്രീനിൽ നിങ്ങളുടെ ടീം ഹെഡിന്റെ പേര്. ഈ കോൾ നിങ്ങൾ അറ്റൻഡ് ചെയ്യേണ്ടതുണ്ടോ? ഓസ്‌ട്രേലിയയിലെ ഒരു ജീവനക്കാരൻ എന്ന നിലയിൽ ഓഫീസ് സമയത്തിന് ശേഷം നിങ്ങൾ ജോലിെയക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതുണ്ടോ?

ഓസ്‌ട്രേലിയൻ ജീവനക്കാർക്ക് വലിയ മാനസിക ആശ്വാസമേകിക്കൊണ്ട് 2024 ഓഗസ്റ്റ് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന നിയമമാണ് 'റൈറ്റ് ടു ഡിസ്‌കണക്റ്റ്'. ഓഫീസ് സമയത്തിന് ശേഷവും തൊഴിലുടമകളിൽ നിന്നോ ക്ലയന്റുകളിൽ നിന്നോ ഉള്ള ഫോൺ കോളുകൾ, ഇമെയിലുകൾ, ടെക്സ്റ്റ് മെസ്സേജുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവയ്ക്ക് മറുപടി നൽകാൻ നിർബന്ധിതരാകുന്ന ജീവനക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം. ന്യായമായ കാരണങ്ങളില്ലാതെ ഓഫീസ് സമയത്തിന് ശേഷം വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ അവഗണിക്കാൻ ഈ ചട്ടം ജീവനക്കാർക്ക് പൂർണ്ണ അവകാശം നൽകുന്നു. ഇതിന്റെ പേരിൽ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടാനോ മറ്റ് അച്ചടക്ക നടപടികൾ സ്വീകരിക്കാനോ കമ്പനികൾക്ക് സാധിക്കില്ല. 2023-ലെ ഒരു സർവേ പ്രകാരം ഓസ്‌ട്രേലിയക്കാർ പ്രതിവർഷം ശരാശരി 281 മണിക്കൂർ വരെ യാതൊരു പ്രതിഫലവുമില്ലാതെ അധിക ജോലി (Unpaid overtime) ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് തടയിടാനാണ് ഈ നിയമ നിർമ്മാണം. യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവയുൾപ്പെടെ ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങളിൽ നിലവിൽ സമാനമായ നിയമങ്ങളുണ്ട്.

കോളുകൾ അവഗണിക്കുന്നത് എപ്പോഴാണ് 'അന്യായമാവുക' (Unreasonable)?

ഓഫീസ് സമയത്തിന് ശേഷം ജീവനക്കാരെ ബന്ധപ്പെടുന്നതിൽ നിന്നും ഈ നിയമം കമ്പനികളെ പൂർണ്ണമായി വിലക്കുന്നില്ല. എന്നാൽ മറുപടി നൽകാതിരിക്കാനുള്ള ജീവനക്കാരന്റെ തീരുമാനം ന്യായമാണോ എന്ന് പരിശോധിക്കാൻ നിയമത്തിൽ ചില മാനദണ്ഡങ്ങളുണ്ട്. താഴെ പറയുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കുന്നത്:

ആശയവിനിമയത്തിന്റെ കാരണം: കോൾ അല്ലെങ്കിൽ ഇമെയിൽ എത്രത്തോളം അടിയന്തിര പ്രാധാന്യമുള്ളതാണ് (Urgency) എന്നത്.

തൊഴിൽ പദവി: സ്ഥാപനത്തിലെ ജീവനക്കാരന്റെ പദവിയും ഉത്തരവാദിത്തങ്ങളും. (ഉദാഹരണത്തിന്: സീനിയർ മാനേജർമാർ, അടിയന്തര വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് മറുപടി നൽകേണ്ടി വന്നേക്കാം).

പ്രതിഫലം: അധിക സമയത്തെ ജോലിക്ക് പ്രത്യേക അലവൻസോ (On-call allowance) ഉയർന്ന ശമ്പളമോ ജീവനക്കാരന് ലഭിക്കുന്നുണ്ടോ എന്നത്.

വ്യക്തിഗത സാഹചര്യങ്ങൾ: ജീവനക്കാരന്റെ കുടുംബപരമായ ഉത്തരവാദിത്തങ്ങളും കുട്ടികളെ നോക്കുന്നതിനുള്ള ചുമതലകളും.

തർക്കങ്ങളും കടുത്ത പിഴകളും

ഈ നിയമം കമ്പനികളിലെ ജീവനക്കാരുടെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ (Work-life balance) ഉറപ്പാക്കാൻ സഹായിക്കുന്നു. കൃത്യമായ വിശ്രമം ലഭിക്കുന്ന ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ കുറവായിരിക്കുമെന്നും അത് കമ്പനിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

തൊഴിലുടമയും ജീവനക്കാരും തമ്മിൽ ഈ നിയമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കമുണ്ടായാൽ അത് ആദ്യം പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കണം. അതിന് സാധിക്കാത്ത പക്ഷം ഓസ്‌ട്രേലിയയിലെ ഔദ്യോഗിക തൊഴിൽ കോടതിയായ 'ഫെയർ വർക്ക് കമ്മീഷനെ' (Fair Work Commission - FWC) സമീപിക്കാം. കോൾ അവഗണിച്ച ജീവനക്കാരന്റെ നടപടി തെറ്റാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ കനത്ത പിഴയീടാക്കും. ഫെയർ വർക്ക് കമ്മീഷന്റെ ഉത്തരവുകൾ ലംഘിക്കുന്ന ജീവനക്കാരന് 19,000 ഓസ്‌ട്രേലിയൻ ഡോളർ വരെയും കമ്പനികൾക്ക് 94,000 ഡോളർ വരെയും പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

SCROLL FOR NEXT