കാൻബറ: പസഫിക് ദ്വീപ് രാജ്യങ്ങളിലെ വൻകിട നിർമ്മാണ പദ്ധതികളിലും സാമ്പത്തിക വായ്പകളിലും ചൈനയെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാമത്. പ്രമുഖ അന്താരാഷ്ട്ര തിങ്ക്-ടാങ്കായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Lowy Institute) പുതിയ 'പസഫിക് എയിഡ് മാപ്പ്' (Pacific Aid Map) വിവരങ്ങളിലാണ് ഈ നിർണായക വികസനം വ്യക്തമാകുന്നത്. വിദേശസഹായവും വായ്പകളും വഴി ശതകോടിക്കണക്കിന് ഡോളറാണ് ഓസ്‌ട്രേലിയൻ സർക്കാർ പസഫിക് മേഖലയിലേക്ക് ഒഴുക്കുന്നത്.
2024-ലെ കണക്കുകൾ പ്രകാരം മേഖലയിലെ ആകെ വികസന ഫണ്ടിന്റെ 37 ശതമാനവും നൽകുന്നത് ഓസ്‌ട്രേലിയയാണ്. ന്യൂസിലാൻഡ് (11%), അമേരിക്ക (8%), ജപ്പാൻ (3%) എന്നിവരാണ് തൊട്ടുപിന്നിൽ. മുൻകാലങ്ങളിൽ മേഖലയെ നിയന്ത്രിച്ചിരുന്ന ചൈനയുടെ വിഹിതം വെറും 6 ശതമാനമായി ചുരുങ്ങി. തന്ത്രപ്രധാനമായ നിർമ്മാണ പദ്ധതികളിൽ ചൈനയുടെ അനാവശ്യ സ്വാധീനവും പസഫിക് രാജ്യങ്ങളെ കടക്കെണിയിലാക്കുന്ന നയങ്ങളും തടയാൻ ഓസ്‌ട്രേലിയയുടെ ഈ സാമ്പത്തിക സാന്നിധ്യത്തിന് സാധിച്ചതായി പഠന റിപ്പോർട്ട് തയ്യാറാക്കിയ റിലി ഡ്യൂക്ക് ചൂണ്ടിക്കാട്ടുന്നു. എങ്കിലും വായ്പകൾ നൽകുന്നതിനൊപ്പം സമയബന്ധിതമായി വികസന പദ്ധതികൾ പൂർത്തിയാക്കുക എന്ന വലിയ ഉത്തരവാദിത്തവും ഓസ്‌ട്രേലിയയ്ക്ക് മുന്നിലുണ്ട്.