സിഡ്‌നി: കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ മുന്നേറ്റം നടത്തിയ ഓസ്‌ട്രേലിയൻ ഭവനവിപണി മന്ദഗതിയിലേക്ക് നീങ്ങുന്നതായി പ്രമുഖ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ 'ഡൊമെയ്ൻ' . അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്രവചന റിപ്പോർട്ട് അനുസരിച്ച്, സിഡ്‌നിയിലെ ഒരു സാധാരണ വീടിന്റെ മൂല്യത്തിൽ നിന്ന് 1,22,000 ഡോളർ വരെ ഇടിവ് സംഭവിച്ചേക്കാം. മെൽബണിലെ ശരാശരി വീടുവില 10 ലക്ഷം ഡോളറിന് താഴേക്ക് പതിക്കുമെന്നും തലസ്ഥാനമായ കാൻബറയിലും സമാനമായ വിലക്കുറവ് ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി, മാർച്ച്, മേയ് മാസങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്കുകൾ 4.35 ശതമാനത്തിലേക്ക് ഉയർത്തിയതും ഫെഡറൽ ബജറ്റിലെ നെഗറ്റീവ് ഗിയറിങ്, കാപ്പിറ്റൽ ഗെയിൻസ് നികുതി പരിഷ്കാരങ്ങളുമാണ് വിപണിയെ തളർത്തുന്നത്. ഉയർന്ന പലിശ കാരണം ബാങ്കുകളിൽ നിന്നുള്ള വായ്പാ പരിധി കുറഞ്ഞതോടെ വാങ്ങലുകാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
ഫ്ലാറ്റുകൾക്ക് ഡിമാൻഡ് കൂടുന്നു; ചില നഗരങ്ങളിൽ വില ഉയർന്നേക്കും:
ഭവനവിപണി രാജ്യത്തുടനീളം ഒരേ രീതിയിലല്ല ഇപ്പോൾ പ്രതികരിക്കുന്നതെന്ന് ഡൊമെയ്ൻ ചീഫ് ഇക്കണോമിസ്റ്റ് ഡോ. നിക്കോള പവൽ പറഞ്ഞു. സിഡ്‌നി, മെൽബൺ നഗരങ്ങളിൽ വില ഇടിയുമ്പോൾ, താരതമ്യേന ചിലവ് കുറഞ്ഞ ബ്രിസ്ബേൻ, അഡ്‌ലെയ്ഡ്, പെർത്ത് എന്നീ നഗരങ്ങളിൽ പ്രോപ്പർട്ടി വിലകളിൽ ഇനിയും വർദ്ധനവ് ഉണ്ടായേക്കാം. വീടുകൾക്ക് വലിയ വില നൽകേണ്ടി വരുന്നതിനാൽ ആദ്യമായി വീട് വാങ്ങുന്നവർ ഇപ്പോൾ വൻതോതിൽ ഫ്ലാറ്റുകളിലേക്ക് തിരിയുകയാണ്. അതുകൊണ്ട് തന്നെ വീടുകളേക്കാൾ മികച്ച പ്രകടനം വരും മാസങ്ങളിൽ യൂണിറ്റുകളുടെ വിപണിയിൽ ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തെ ഒരു തകർച്ചയെന്ന് വിളിക്കാനാകില്ലെന്നും, 10 ശതമാനത്തിലധികം വിലയിടിവ് ഉണ്ടായാൽ മാത്രമേ അതിനെ ഒരു വിപണി തിരുത്തൽ ആയി കാണാനാകൂ എന്നും അവർ കൂട്ടിച്ചേർത്തു.
റെക്കോർഡ് ലാഭത്തിൽ പഴയ ഉടമകൾ; കൈപൊള്ളി പുതിയ വാങ്ങലുകാർ
പ്രോപ്പർട്ടി റിസർച്ച് സ്ഥാപനമായ 'കോട്ടാലിറ്റി' പുറത്തുവിട്ട ഏറ്റവും പുതിയ 'പെയിൻ ആൻഡ് ഗെയിൻ' റിപ്പോർട്ട് അനുസരിച്ച്, വിപണി തണുക്കുകയാണെങ്കിലും പഴയ പ്രോപ്പർട്ടി ഉടമകൾ ഇപ്പോഴും വൻ ലാഭത്തിലാണ് വീടുകൾ വിൽക്കുന്നത്.
96% പ്രോപ്പർട്ടികളും ലാഭത്തിൽ: ആദ്യ പാദത്തിൽ നടന്ന 1,01,000 പുനർവിൽപ്പനകളിൽ 96 ശതമാനവും വൻ ലാഭത്തിലാണ് വിറ്റഴിച്ചത്. ഇത് 2005-ന് ശേഷമുള്ള ഏറ്റവും ഉയർന്ന റെക്കോർഡാണ്.
ശരാശരി ലാഭം $377,000: പ്രോപ്പർട്ടി വിറ്റവർക്ക് ലഭിച്ച ശരാശരി ലാഭം റെക്കോർഡ് നിരക്കായ 3,77,000 ഡോളറാണ്. എന്നാൽ ശരാശരി നഷ്ടം 45,000 ഡോളറിൽ തന്നെ തുടരുന്നു.
നഷ്ടം സംഭവിച്ചത് ആർക്ക്?: 2021-ന്റെ അവസാനത്തിലോ 2022-ന്റെ തുടക്കത്തിലോ (വിപണി ഏറ്റവും ഉയർന്ന നിരക്കിൽ നിന്നപ്പോൾ) വീട് വാങ്ങിയവർക്കാണ് ഇപ്പോൾ വിൽക്കുമ്പോൾ നഷ്ടം നേരിടേണ്ടി വരുന്നത്.
കോട്ടാലിറ്റിയുടെ കണക്കനുസരിച്ച് ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ സിഡ്‌നിയുടെ കിഴക്കൻ മേഖലകളായ മലാബാർ (-12.3%), ചിഫ്‌ലി (-9.9%), സൗത്ത് കൂജി (-9.7%) എന്നിവിടങ്ങളിലും മെൽബണിന്റെ ഇന്നർ ഈസ്റ്റിലുള്ള ഡീപ്‌ഡീൻ (-11.3%) പ്രദേശങ്ങളിലുമാണ് ഏറ്റവും വലിയ വിലയിടിവ് രേഖപ്പെടുത്തിയത്.
നികുതി പരിഷ്കാരം വാടകനിരക്കിനെ ബാധിക്കില്ലെന്ന് ജെപി മോർഗൻ
ഫെഡറൽ സർക്കാർ കൊണ്ടുവരുന്ന നെഗറ്റീവ് ഗിയറിങ് നികുതി മാറ്റങ്ങൾ കാരണം നിക്ഷേപകർ വിപണി വിടുമെന്നും അത് രാജ്യത്തെ വാടകനിരക്ക് കുത്തനെ കൂട്ടുമെന്നുമുള്ള ആശങ്കകളെ പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ജെപി മോർഗൻ തള്ളി.
നിലവിലുള്ള വീട് ഉടമകളെ ഈ പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതിനാൽ പെട്ടെന്നൊരു വാടക വർദ്ധനവിന് സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ടോം കെന്നഡി വ്യക്തമാക്കി. വിപണിയിലെ ഡിമാൻഡ്, ആളുകളുടെ കുടിയേറ്റം പുതിയ വീടുകളുടെ നിർമ്മാണം എന്നിവയെ ആശ്രയിച്ചായിരിക്കും വാടകനിരക്കുകൾ മുന്നോട്ട് പോവുക. മേയ് മാസത്തെ കണക്കനുസരിച്ച് ഓസ്‌ട്രേലിയയിൽ വാടകനിരക്കുകളിൽ 3.6 ശതമാനത്തിന്റെ വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.