ABC News: Sam Foster
Australia

സ്ത്രീകൾക്ക് ഉന്നത പദവികൾ വിലക്കി പ്രെസ്ബിറ്റീരിയൻ ചർച്ച് വോട്ടെടുപ്പ്; ആശങ്കയില്‍ വിശ്വാസികൾ

സിഡ്‌നിയിലെ ക്രോയിഡോണിലുള്ള പ്രെസ്ബിറ്റീരിയൻ ലേഡീസ് കോളേജിൽ നടന്ന വാർഷിക ജനറൽ അസംബ്ലിയിലാണ് നിർണ്ണായകമായ ഈ വോട്ടെടുപ്പ് നടന്നത്

Elizabath Joseph

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് , കാപ്പിറ്റൽ ടെറിട്ടറി ( മേഖലകളിലെ പ്രെസ്ബിറ്റീരിയൻ ചർച്ചുകളിൽ (Presbyterian Church) സ്ത്രീകൾക്ക് മുതിർന്ന സഭാ നേതൃത്വ പദവികൾ വിലക്കിക്കൊണ്ടുള്ള വോട്ടെടുപ്പ് ഫലം പുറത്ത്. സിഡ്‌നിയിലെ ക്രോയിഡോണിലുള്ള പ്രെസ്ബിറ്റീരിയൻ ലേഡീസ് കോളേജിൽ നടന്ന വാർഷിക ജനറൽ അസംബ്ലിയിലാണ് നിർണ്ണായകമായ ഈ വോട്ടെടുപ്പ് നടന്നത്. 61-നെതിരെ 136 വോട്ടുകൾക്കാണ് സ്ത്രീകൾ ഇനി മുതൽ എൽഡർ പദവികളിൽ ഇരിക്കേണ്ടതില്ലെന്ന പ്രമേയം പാസാക്കിയത്. അസംബ്ലിയിൽ പങ്കെടുത്തവരിൽ 90 ശതമാനവും പുരുഷന്മാരായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സഭയിൽ സ്ത്രീകൾക്ക് എന്ത് പദവിയാണ് നൽകേണ്ടതെന്ന് പുരുഷന്മാർ മാത്രം ചർച്ച ചെയ്ത് തീരുമാനിക്കുന്ന സാഹചര്യമാണ് അവിടെയുണ്ടായതെന്ന് ദീർഘകാലമായി സഭയിലെ സജീവ വിശ്വാസിയായ സോണിയ തിയു നിരാശയോടെ പ്രതികരിച്ചു. ലോകം പുരോഗമിക്കുമ്പോൾ സഭ പിന്നോട്ട് പോകുകയാണെന്നും ഈ തീരുമാനം സഭയുടെ മഹത്വം കുറയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 1960-കൾ മുതൽ നിലവിലിരുന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സഭയിലെ എൽഡർമാരിൽ പത്തുശതമാനത്തോളം നിലവിൽ സ്ത്രീകളാണ്. ബൈബിൾ വചനങ്ങളുടെ വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്ന് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ജോൺ മക്ലീൻ വ്യക്തമാക്കിയപ്പോൾ, സഭയുടെ ഈ പുതിയ നിലപാടിൽ വിശ്വാസികൾക്കിടയിൽ കടുത്ത ഭിന്നതയാണ് നിലനിൽക്കുന്നത്. ഒരു വിഭാഗം സ്ത്രീകൾ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ, ഒരു വലിയ വിഭാഗം സ്ത്രീകൾ കടുത്ത മാനസിക വിഷമത്തിലാണ്. സഭയിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഇല്ലാതാകുന്നതോടെ പലരും സഭ വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വോട്ടെടുപ്പ് ഫലത്തിൽ അന്തിമമായ സ്ഥിരീകരണം അടുത്ത വർഷം നടക്കുന്ന പ്രാദേശിക സഭാ യോഗങ്ങൾക്ക് ശേഷമേ ഉണ്ടാകൂ എന്ന് അധികൃതർ അറിയിച്ചു.

SCROLL FOR NEXT