ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച പൊതു അവധി Amber Weir/ Unsplash
Australia

ഓസ്‌ട്രേലിയയിൽ ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച പൊതു അവധി; ഏതൊക്കെ സംസ്ഥാനങ്ങൾക്ക് ലഭിക്കും?

തൊഴിലാളികളുടെ എട്ടുമണിക്കൂർ ജോലിസമയ പോരാട്ടങ്ങളെ അനുസ്മരിക്കുന്ന ലേബർ ഡേ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത മാസങ്ങളിലാണ് ആചരിക്കപ്പെടുന്നത്

Elizabath Joseph

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പകുതിയോളം സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് മൂന്ന് ദിവസത്തെ ലോംഗ് വീക്കെൻഡ് ലഭിക്കുന്നു. ന്യൂ സൗത്ത് വെയിൽസ് , സൗത്ത് ഓസ്‌ട്രേലിയ , ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (എന്നിവിടങ്ങളിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അവകാശ പോരാട്ടങ്ങളെ അനുസ്മരിക്കുന്ന 'ലേബർ ഡേ' പ്രമാണിച്ചാണ് തിങ്കളാഴ്ച പൊതു അവധി. എന്നാൽ ക്വീൻസ്‌ലൻഡിൽ അന്നേദിവസം ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ഔദ്യോഗിക ജന്മദിനം പ്രമാണിച്ചുള്ള 'കിംഗ്സ് ബർത്ത്‌ഡേ' പൊതു അവധിയായിരിക്കും.

അതേസമയം, വിക്ടോറിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ, ടാസ്മാനിയ, നോർത്തേൺ ടെറിട്ടറി എന്നീ സംസ്ഥാനങ്ങൾക്ക് തിങ്കളാഴ്ച അവധി ലഭിക്കില്ല. തൊഴിലാളികളുടെ എട്ടുമണിക്കൂർ ജോലിസമയ പോരാട്ടങ്ങളെ അനുസ്മരിക്കുന്ന ലേബർ ഡേ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത മാസങ്ങളിലാണ് ആചരിക്കപ്പെടുന്നത്. ഇതിനുപുറമെ, ഈ വാരാന്ത്യത്തോടെ ഓസ്‌ട്രേലിയയിലെ പല ഭാഗങ്ങളിലും 'ഡേലൈറ്റ് സേവിംഗ് ടൈം' ആരംഭിക്കും. ഞായറാഴ്ച പുലർച്ചെ മുതൽ എൻഎസ്ഡബ്ല്യു, എസിടി, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിൽ ഘടികാര സൂചികൾ ഒരു മണിക്കൂർ മുന്നോട്ട് തിരിക്കും. എന്നാൽ നോർത്തേൺ ടെറിട്ടറി, ക്വീൻസ്‌ലൻഡ്, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നീ സംസ്ഥാനങ്ങളിൽ ഡേലൈറ്റ് സേവിംഗ് ബാധകമല്ല.

SCROLL FOR NEXT