സിഡ്‌നി, മെൽബൺ, ഓക്‌ലൻഡ് വിമാനത്താവളങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് Johnny Williams/ Unsplash
Australia

വിമാന സർവീസുകൾ താറുമാറായി; ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി

പ്രൊഫഷണലുകളും ടൂറിസ്റ്റുകളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്.

Elizabath Joseph

സിഡ്‌നി: ഓസ്‌ട്രേലിയൻ-ന്യൂസിലൻഡ് വ്യോമയാന മേഖലയിൽ സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഏപ്രിൽ 27 തിങ്കളാഴ്ചയുണ്ടായ തകരാറുകൾ മൂലം 272 വിമാനങ്ങൾ വൈകുകയും 34 സർവീസുകൾ പൂർണ്ണമായും റദ്ദാക്കുകയും ചെയ്തു. സിഡ്‌നി, മെൽബൺ, ഓക്‌ലൻഡ് വിമാനത്താവളങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രൊഫഷണലുകളും ടൂറിസ്റ്റുകളും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്.

അതിരാവിലെ ആരംഭിച്ച വിമാന സർവീസുകളിലെ നേരിയ തടസ്സങ്ങൾ പിന്നീട് 'ഡൊമിനോ ഇഫക്റ്റ്' (Domino Effect) പോലെ പടരുകയായിരുന്നു. ഒരു വിമാനം വൈകുന്നത് ആ വിമാനം പിന്നീട് പോകേണ്ട എട്ടോളം സർവീസുകളെയും ബാധിച്ചു. ജീവനക്കാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതും വിമാനങ്ങൾ കൃത്യസ്ഥാനത്ത് എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കി. വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി ലൈനുകൾ ചെക്ക്-ഇൻ ഏരിയകൾ വരെ നീളുന്ന കാഴ്ചയായിരുന്നു ദൃശ്യമായത്. പലർക്കും അഞ്ച് മണിക്കൂർ വരെ ക്യൂവിൽ നിൽക്കേണ്ടി വന്നു.

കാലാവസ്ഥ: ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഒരേസമയം അനുഭവപ്പെട്ട മോശം കാലാവസ്ഥ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിമാനങ്ങളുടെ വേഗത കുറയ്ക്കാൻ പ്രേരിപ്പിച്ചു.

ജീവനക്കാരുടെ കുറവ്: ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗത്തിൽ ഇപ്പോഴും തുടരുന്ന ജീവനക്കാരുടെ കുറവ് പെട്ടെന്നുണ്ടായ ഈ ആഘാതത്തെ നേരിടുന്നതിൽ തിരിച്ചടിയായി.

തിരക്കേറിയ ഷെഡ്യൂൾ: ലാഭം കണക്കിലെടുത്ത് വിമാനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഷെഡ്യൂൾ ചെയ്യുന്നത് കാരണം ചെറിയ തടസ്സങ്ങൾ പോലും വലിയ തോതിൽ ബാധിക്കുന്നു.

ക്വാണ്ടാസ് , വിർജിൻ ഓസ്‌ട്രേലിയ , എയർ ന്യൂസിലൻഡ് എന്നീ പ്രമുഖ വിമാനക്കമ്പനികളുടെ സർവീസുകളെല്ലാം തടസ്സപ്പെട്ടു. റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാർക്ക് അടുത്ത സർവീസിനായി 12 മുതൽ 24 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തരം അപ്രതീക്ഷിത തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രകൾക്കിടയിൽ 24 മണിക്കൂർ എങ്കിലും 'ബഫർ സമയം' കരുതുന്നത് ഉചിതമായിരിക്കുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

SCROLL FOR NEXT