സിഡ്‌നി: അനുദിനം ശക്തിപ്രാപിക്കുന്ന നിർമ്മിത ബുദ്ധിയുടെ (AI) ഭീഷണികളെ ചെറുക്കാൻ ഓസ്‌ട്രേലിയയിൽ ശക്തമായ ഒരു 'മുൻകൂർ മുന്നറിയിപ്പ് സംവിധാനം' (Early warning system) അനിവാര്യമാണെന്ന് രാജ്യത്തെ പ്രമുഖ സൈബർ ഇന്റലിജൻസ് വിഭാഗം തലവ. നിലവിൽ പരമ്പരാഗത സൈബർ സുരക്ഷാ മേഖലയിലുള്ളതുപോലെ വ്യവസ്ഥാപിതമായ ഒരു സുരക്ഷാ ചട്ടക്കൂട് എഐ മേഖലയിൽ നിലവിലില്ലെന്ന് ഓസ്‌ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ അബിഗെയ്ൽ ബ്രാഡ്ഷോ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ASPI) സംഘടിപ്പിച്ച ചർച്ചയിലാണ് അവർ ഈ മുന്നറിയിപ്പ് നൽകിയത്.
എഐ സുരക്ഷയ്ക്കായി ഇന്റലിജൻസ് ഏജൻസികളും സാങ്കേതിക കമ്പനികളും യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. സൈബർ സുരക്ഷാ വെല്ലുവിളികൾക്കപ്പുറം ബയോടെക്നോളജി ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലേക്കും എഐ പ്രത്യാഘാതങ്ങൾ വ്യാപിക്കാമെന്ന് അവർ ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിരോധ ആവശ്യങ്ങൾക്കായി എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. ആന്ത്രാപിക്, ഓപ്പൺഎഐ തുടങ്ങിയ വൻകിട കമ്പനികളുടെ ഏറ്റവും പുതിയ അത്യാധുനിക മോഡലുകളിലേക്ക് ഓസ്‌ട്രേലിയൻ സുരക്ഷാ ഏജൻസികൾക്ക് ഇതിനകം പ്രത്യേക പ്രവേശനം ലഭിച്ചിട്ടുണ്ട്.