ABC News
Australia

സഖ്യകക്ഷികളുമായി ചേർന്ന് എന്തിനും സന്നദ്ധം; ഏഷ്യൻ മേഖലയിൽ പ്രതിരോധം ശക്തമാക്കി ഓസ്‌ട്രേലിയ

ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി കൂടുതൽ സൈനിക സഹകരണം ഉറപ്പാക്കി ഇൻഡോ-പസഫിക് മേഖലയിൽ സ്ഥിരത നിലനിർത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യമെന്ന് ജോൺസ്റ്റൺ

Elizabath Joseph

ഏഷ്യയിലോ അതിനു പുറത്തോ സഖ്യകക്ഷികളുമായി ചേർന്ന് എന്തിനും സന്നദ്ധമാണെന്ന് ഓസ്‌ട്രേലിയൻ സൈനിക മേധാവി അഡ്മിറൽ ഡേവിഡ് ജോൺസ്റ്റൺ വ്യക്തമാക്കി. ഫിലിപ്പീൻസ്, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണ ചൈനാ കടലിൽ നടത്തിയ 'ബാലിക്കറ്റൻ' (Balikatan) സൈനികാഭ്യാസത്തിന് ശേഷം മനിലയിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആവശ്യമായ സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം ഓസ്‌ട്രേലിയൻ സേനയ്ക്കുണ്ടെന്നും അതിനായുള്ള പരിശീലനങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിലിപ്പീൻസിൽ നടന്ന സൈനികാഭ്യാസത്തിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള 400 പേർ ഉൾപ്പെടെ 15,000-ത്തിലധികം സൈനികരാണ് പങ്കെടുത്തത്. കാനഡ, ജപ്പാൻ, ഫ്രാൻസ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും ഇതിന്റെ ഭാഗമായിരുന്നു. ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി കൂടുതൽ സൈനിക സഹകരണം ഉറപ്പാക്കി ഇൻഡോ-പസഫിക് മേഖലയിൽ സ്ഥിരത നിലനിർത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യമെന്ന് ജോൺസ്റ്റൺ പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സൈനിക സ്വാധീനം കണക്കിലെടുത്ത് പ്രതിരോധ ബജറ്റുകൾ വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിവിധ രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി ജപ്പാൻ നിർമ്മിത യുദ്ധക്കപ്പലുകൾ വാങ്ങാൻ ഓസ്‌ട്രേലിയ വലിയ തുക വകയിരുത്തിയിട്ടുണ്ട്. ദുരന്തനിവാരണം, മെഡിക്കൽ ട്രെയിനിംഗ് എന്നിവയ്‌ക്കൊപ്പം തന്നെ ശത്രുരാജ്യങ്ങളെ പ്രതിരോധിക്കാനുള്ള ആയുധശേഷിയും സൈനികാഭ്യാസത്തിൽ പരീക്ഷിച്ചു. ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങൾക്കിടയിൽ സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും ശ്രമിക്കുന്നത്.

SCROLL FOR NEXT