ഓസ്‌ട്രേലിയയിലെ ലൈഫ് ഇൻഷുറൻസ് വിപണി 2029 ൽ 19.8 ബില്യൺ ഡോളറിലെത്തുമെന്ന് ഗ്ലോബൽഡാറ്റ റിപ്പോർട്ട്. ജനസംഖ്യയിലെ മാറ്റങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങളിലെ നവീകരണങ്ങൾ എന്നിവയാണ് വളർച്ചയ്ക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇനി വിവിധ ഉപഭോക്തൃ വിഭാഗങ്ങൾക്ക് അനുയോജ്യമായ, ചെലവ് കുറവുള്ള, സൗകര്യമേറിയ ഇൻഷുറൻസ് പദ്ധതികൾ വികസിപ്പിക്കുന്നതിൽ ഇൻഷുറൻസ് കമ്പനികൾ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് ഗ്ലോബൽഡാറ്റയിലെ സീനിയർ ഇൻഷുറൻസ് അനലിസ്റ്റായ സ്വരൂപ് കുമാർ സാഹു വ്യക്തമാക്കി.
സാമ്പത്തിക അനിശ്ചിതത്വങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സുരക്ഷയിലേക്കുള്ള ബോധവൽക്കരണവും സമഗ്രമായ കവർേജിനുള്ള ആവശ്യകതയും ലൈഫ് ഇൻഷുറൻസിനുള്ള ഡിമാൻഡ് ഉയർത്തുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2025 മുതൽ 2029 വരെ ഗ്രോസ് റിട്ടൺ പ്രീമിയം അടിസ്ഥാനമാക്കി വാർഷിക 3.9 ശതമാനം വളർച്ചയാണ് (CAGR) വ്യവസായം പ്രതീക്ഷിക്കുന്നത്. 2025ൽ മാത്രം ഈ മേഖലയ്ക്ക് 2.9 ശതമാനം വളർച്ചയും കണക്കാക്കുന്നു. സാമ്പത്തിക വീണ്ടെടുപ്പ്, വയോധികരുടെ വർധനവ്, ആരോഗ്യ ബോധവൽക്കരണം, ഉയർന്ന ജീവിതച്ചെലവ് എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ. കൂടാതെ കുടുംബങ്ങളുടെ ഉപഭോഗവും വരുമാനവും മെച്ചപ്പെടുന്നതോടെ ഇൻഷുറൻസ് ആവശ്യകതയും ഉയരുമെന്നാണ് വിലയിരുത്തൽ.
മെഡിക്കൽ ഇൻഫ്ലേഷൻ ഇപ്പോഴും ക്ലെയിം ചെലവുകൾ ഉയരുന്നതിനുള്ള പ്രധാന കാരണമായി തുടരുകയാണ്. 2025 ആദ്യ പാദത്തിൽ ഒരു വർഷത്തിനിടെ ആരോഗ്യ മേഖലയിലെ വിലവർധന 4.1 ശതമാനമായി ഉയർന്നതായി ഓസ്‌ട്രേലിയൻ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ വ്യക്തമാക്കി. വയോധികരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും ഡിമാൻഡിനെ പുനഃരൂപപ്പെടുത്തുകയാണ്. 2026ഓടെ 65 വയസിന് മുകളിലുള്ളവരുടെ ശതമാനം 22 ശതമാനത്തിലധികമാകും. 2020ൽ ഇത് 16 ശതമാനം മാത്രമായിരുന്നു.
അതേസമയം, ഉയർന്ന ജീവിതച്ചെലവ് കുടുംബ ബജറ്റുകളിൽ സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 71 ശതമാനം ഓസ്‌ട്രേലിയക്കാരും ലൈഫ് ഇൻഷുറൻസ് നിലനിർത്താനോ പുതിയതായി എടുക്കാനോ കഴിയില്ലെന്ന ആശങ്ക പ്രകടിപ്പിക്കുന്നു. ഇത് ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്നും, ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ കമ്പനികൾ പുതിയ തന്ത്രങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും ഗ്ലോബൽഡാറ്റ മുന്നറിയിപ്പ് നൽകി.